തിരുവനന്തപുരം: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നതു പോലെയാണ് ഗവർണറുടെ നടപടിയെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
“ഗോവയും മണിപ്പൂരുമുൾപ്പെടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ അന്ന് പരിഗണന ഭൂരിപക്ഷമുള്ള മുന്നണിക്കായിരുന്നു. കാരണം ബിജെപി അന്ന് ഭൂരിപക്ഷമുള്ള മുന്നണിയിലായിരുന്നു. കർണാടകയിൽ ബിജെപി ഇതര പാർട്ടികൾ ഭൂരിപക്ഷമുള്ള മുന്നണി ആയപ്പോൾ മുൻനിലപാട് വിഴുങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്’- ചെന്നിത്തല കുറ്റപ്പെടുത്തി.
കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്ന നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്നു പറഞ്ഞ ചെന്നിത്തല ജനാധിപത്യത്തെ അട്ടിമറിക്കുന്ന തീരുമാനം പുനഃപരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.