കെവിന്റെ കൊലപാതകത്തൽ സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും തുടർച്ചയായി അരങ്ങേറുന്പോൾ പോലീസ് മേധാവി നോക്കുകുത്തിയാകുകയാണ്. പോലീസിന്റെ പ്രധാന തസ്തികകളിൽ ഏറാൻമൂളികളാണ് കാര്യങ്ങൾ നിശ്ചിയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കെവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി പോലീസാണ്. പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പോലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പോലീസിന്റെ വീഴ്ചയിലുണ്ടായ ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല. മാധ്യമങ്ങളെ കുറ്റം പറയുന്നത് നിർത്തി ആദ്യം പോലീസിനെ നിലക്കു നിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
കേരള മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷയുടെ ആവശ്യമെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ വരവും പോക്കും കണ്ടാൽ കേരളത്തിൽ രാജഭരണമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.