ചവറ: കേരളത്തെ മദ്യാലയമാക്കി മാറ്റിയതാണ് പിണറായി സർക്കാരിന്റെ വികസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പന്മന പോരൂക്കര 25–ാം നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പോരൂക്കര കാവിൽ നിർമിച്ച ഇന്ദിരാഗാന്ധി സ്മൃതി മണ്ഡപത്തിന്റെയും ഇന്ദിരാഗാന്ധി ജന്മശതാബ്ദി ജില്ലാതല കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിജിപി എഡിജിപിയെ തല്ലുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയിക്കഴിഞ്ഞിരിക്കുന്നു. ജനജീവിതം ദുസഹമാക്കിയ സർക്കാരണ് പിണറായിയുടേത്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ കാണാൻ കേരളത്തിലെ ഭരണകർത്താക്കൾക്ക് സാധിക്കുന്നില്ല. മദ്യശാലകൾ തുറക്കുന്നതിനായി ബാർ മുതലാളിമാരെ സഹായിക്കുന്ന സമീപനമാണ് കേരളത്തിൽ ഇപ്പോഴുളളത്.
റേഡിയോ, ടെലിവിഷൻ, പത്രം എന്നീ മാധ്യമങ്ങളിൽ വികസനം നടത്തി എന്ന് കൂടെക്കൂടെ പരസ്യം നൽകി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി കേരളത്തെ മദ്യാലയമാക്കി മാറ്റിയതാണ് സർക്കാരിന്റെ വികസനം. എല്ലാ രംഗത്തും പരാജയമാണ് കാണാൻ കഴിയുന്നത്.
ലോകം ആരാധിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇന്ദിരാ ഗാന്ധി.രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടിയാണ് ലോകം ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം വരിച്ചതെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയർമാൻ ചവറ അരവി, കെപിസിസി ജില്ലാ ജനറൽ സെക്രട്ടറി ഇൻചാർജ് ബാബു പ്രസാദ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എഐ സിസി അംഗം കെ.സുരേഷ് ബാബു, കോയിവിള രാമചന്ദ്രൻ, ചക്കനാൽ സനൽകുമാർ, മാമൂലയിൽസേതുക്കുട്ടൻ, ബേബിസലീന, ക്ലമന്റ്ബാബു, ആർ.അരുൺരാജ്, അതുൽ എസ്. പി, ശരത് പട്ടത്താനം, അരുൺ എം.ഡി, വിശ്വമണി എന്നിവർ പ്രസംഗിച്ചു.