തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാൻ യുഡിഎഫിന് കഴിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ കേരളത്തിൽ യുഡിഎഫിന് ആരുടേയും കൂട്ട് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ യുഡിഎഫുമായി യോജിച്ചു സമരത്തിനു തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഒന്നിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിക്കും മുമ്പ് മുഖ്യശത്രു ആരാണെന്നു സിപിഎം വ്യക്തമാക്കണം. ബിജെപിയുടെ ജനരക്ഷായാത്ര ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്രനയത്തിനെതിരെ ഒരു യോജിച്ച പ്രതികരണം നടത്തണമെന്ന് അവർക്കു താൽപര്യമുണ്ടെങ്കിൽ എൽഡിഎഫുമായി ബന്ധപ്പെടട്ടെ. പിന്തുണയ്ക്കായി പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നുമായിരുന്നു തിങ്കളാഴ്ച കോടിയേരി പറഞ്ഞത്.