തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗാരന്റിയുടെ പേരിൽ കുട്ടികൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നൽകി. അഞ്ചു നിർദേശങ്ങളാണു പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചത്.
ബാങ്ക് ഗാരന്റി ഹാജരാക്കാൻ സുപ്രീംകോടതി കുട്ടികൾക്കു 15 അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ പേരിൽ ഒരൊറ്റ കുട്ടിക്കും പ്രവേശനം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം.ബാങ്ക് ഗാരന്റി കിട്ടിയേ തീരൂ എന്ന് 15 ദിവസത്തേക്കു കുട്ടികളെ നിർബന്ധിക്കരുത്.
പ്രവേശനം കർശനമായും മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. പതിനഞ്ചു ദിവസത്തിനുള്ളിൽ ബാങ്ക് ഗാരന്റി ഹാജരാക്കാൻ പരാജയപ്പെട്ടാൽ കുട്ടികളെ അതിന്റെ പേരിൽ പീഡിപ്പിക്കരുത്. ബാങ്ക് ഗാരന്റിക്കു പകരം അതേ സ്വഭാവത്തിലുള്ള മറ്റേതെങ്കിലും ഗാരന്റി ഹാജരാക്കാൻ അനുവദിക്കുകയോ ബാങ്ക് ഗാരന്റിക്കായി വിദ്യാഭ്യാസ വായ്പ എടുക്കാൻ സർക്കാർ കുട്ടികളെ സഹായിക്കുകയോ വേണം.
സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകി എല്ലാ വസ്തുതകളും സുപ്രീംകോടതിക്കു മുന്പാകെ കൊണ്ടു വരാനുള്ള സാധ്യതകൾ സർക്കാർ ആരായണം. ബാങ്ക് ഗാരന്റിക്കു പകരം ബോണ്ട് നൽകിയാൽ മതിയെന്നു സുപ്രീംകോടതിയിൽ നിന്ന് വിധി സന്പാദിക്കാൻ കഴിയുന്നില്ലെങ്കിൽ ഫീസ് നിർണയകമ്മിറ്റി ഫീസിന്റെ കാര്യത്തിൽ അവസാന തീരുമാനമെടുക്കുന്നതു വരെ കുട്ടികൾക്കു വേണ്ടി സർക്കാർ ഗാരന്റി നിൽക്കാമെന്നു സുപ്രീംകോടതിയിൽ സമ്മതിക്കണം. സർക്കാരിനു ഗാരന്റി നൽകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സഹകരണ ബാങ്കുകൾ വഴി ഗാരന്റി ലഭ്യമാക്കുന്നതിനുള്ള സാധ്യതയും ആരായണം.