ആലപ്പുഴ: ഇടുക്കി ജില്ലയിൽ നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടക്കാന്പൂരിലേക്കു പഠനം നടത്തുന്നതിനായുള്ള റവന്യു- വനം ഉദ്യോഗസ്ഥ സംഘത്തിൽ മന്ത്രി എം.എം.മണിയെ ഉൾപ്പെടുത്തിയത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതു പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു.
നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ സ്വീകരിക്കുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം ജോയ്സ് ജോർജ് എംപിയെ സഹായിക്കുന്നതിനുള്ള നീക്കമാണ്. ജനങ്ങൾക്കു സഹായം നൽകേണ്ട സർക്കാർ കൈയേറ്റക്കാർക്കാണ് സഹായം നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കൊട്ടക്കാന്പൂരിലേക്കു മന്ത്രി എം.എം. മണിയെ അയയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ വി.എസ്.അച്യുതാനന്ദൻ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിൽ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് 2006-ൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതുമൂലം ജനങ്ങൾക്കുളള ആശങ്ക ഒഴിവാക്കുന്നതിനും പ്രയാസങ്ങൾ പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഉദ്യാനം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് 3200 ഹെക്ടറിലാണെങ്കിലും അത് അന്തിമമല്ലെന്ന് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അറിയിച്ചു.