കൊച്ചി: ഇടതുമുന്നണി കലഹമുന്നണിയായെന്നും സംസ്ഥാന ഭരണം ഐസിയുവിൽ ആയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്പരം വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തു ഭരണസ്തംഭനം സൃഷ്ടിച്ചിരിക്കുകയാണ്. അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. പടയൊരുക്കം ജാഥയുമായി ബന്ധപ്പെട്ടു കൊച്ചിയിലെത്തിയ ചെന്നിത്തല മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
അധികാരത്തിൽ കയറിയപ്പോൾ മുതൽ രണ്ടുതട്ടിൽ നിൽക്കുകയാണു സിപിഎമ്മും സിപിഐയും. മാവോയിസ്റ്റ് വിഷയം മുതൽ തോമസ് ചാണ്ടിയുടെ രാജിവരെ ഈ വിയോജിപ്പുകൾ മറനീക്കി പുറത്തു വന്നിട്ടുണ്ട്. മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു സിപിഐ മന്ത്രിമാർ സമാന്തര മന്ത്രിസഭാ യോഗം ചേർന്നു. സിപിഐ കൈയാളുന്ന വകുപ്പുകളെ നോക്കുകുത്തികളാക്കാനാണു സിപിഎം ശ്രമിക്കുന്നത്. സംസ്ഥാനത്തു റേഷൻ വിതരണം നിലച്ച അവസ്ഥയാണ്. ഭക്ഷ്യമന്ത്രി ഓരോ ആവശ്യവുമായി എത്തുന്പോൾ ഒന്നും നടക്കില്ലെന്നാണു ധനമന്ത്രി പറയുന്നത്.
സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം നിലച്ച സ്ഥിതിയാണ്. പരമാവധി 20,500 കോടി രൂപ കടമെടുക്കാവുന്ന സ്ഥാനത്തു നിലവിൽ 14,500 കോടി ഇപ്പോൾതന്നെ കടമെടുത്തിരിക്കുന്നു. ഇനിയും വായ്പയ്ക്കായി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചിരിക്കുന്നു. ജിഎസ്ടി നടപ്പാക്കുന്പോൾ കേരളത്തിന് ഏറ്റവും ഗുണകരമാവുമെന്നു പറഞ്ഞ ധനമന്ത്രി ഇപ്പോൾ എന്തു പറയുന്നെന്നും ചെന്നിത്തല ചോദിച്ചു.
സാന്പത്തികവർഷം അവസാനിക്കാനിരിക്കെ തദ്ദേശസ്ഥാപനങ്ങളിൽ 30 ശതമാനം മാത്രം ഫണ്ട് വിനിയോഗമാണ് നടത്തിയിട്ടുള്ളത്. കൊട്ടിഘോഷിച്ചുകൊണ്ടുവന്ന കിഫ്ബി പദ്ധതി പ്രകാരമുള്ള യാതൊന്നും ഇതുവരെയും തുടങ്ങാനായിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കൽ എന്നിവയെല്ലാം പരാജയപ്പെട്ടു.
നെൽവയൽ നികത്തൽ, തണ്ണീർത്തട നിയമം, ഭൂനിയമം എന്നിങ്ങനെ നിലവിലുള്ള എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി വാട്ടർ തീം പാർക്ക് നിർമിച്ച പി.വി. അൻവർ എംഎൽഎക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണ്.
ഇടുക്കി എംപി ജോയ്സ് ജോർജിന്റെ ഭൂമി കൈയേറ്റം നിയമവിരുദ്ധമായതുകൊണ്ടാണു കളക്ടർ പട്ടയം റദ്ദാക്കിയത്. എന്നാൽ, തോമസ് ചാണ്ടിയെ പുറത്താക്കാൻ സിപിഐ കാണിച്ച വ്യഗ്രത ജോയ്സ് ജോർജിന്റെ കാര്യത്തിൽ കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.