തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അധികാരഭ്രമം ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്.
രണ്ടു ദിവസമായി നിയമസഭ തടസപ്പെടുന്നതിന്റെ പ്രധാന കാരണം സർക്കാരിന്റെ പിടിവാശിയാണ്. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തികഞ്ഞ പരാജയമാണ്. മട്ടന്നൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ മരണത്തിൽ ഏതന്വേഷണം നടത്താനും തയാറാണെന്ന് മുഖ്യമന്ത്രിയുടെ ദുതനായ മന്ത്രി എ.കെ.ബാലൻ കണ്ണൂരിലെ സമാധാന യോഗത്തിന് ശേഷം പറഞ്ഞതാണ്.
എന്നാൽ സിപിഎം നേതൃത്വം കേസിൽ പ്രതിയാകുമെന്ന് കണ്ടതോടെ പറഞ്ഞ വാക്ക് സർക്കാർ വിഴുങ്ങി. സിപിഎം പറയുന്ന പ്രതികളെ ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമാനതകളില്ലാത്ത രാഷ്ട്രീയ അക്രമങ്ങളാണ് സർക്കാരിന്റെ തണലിൽ സംസ്ഥാനത്ത് അരങ്ങേറുന്നത്. പോലീസ് ഇവിടെ നോക്കുകുത്തിയാണ്. ആൾക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്ന നിലവരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മരിച്ചിട്ട് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം തൃശൂരിൽ ഉണ്ടായിരുന്നിട്ടു പോലും മൃതദേഹം കാണാനോ അന്ത്യാഞ്ജലി അർപ്പിക്കാനോ തയാറായില്ല.
മധുവിനെ പോലീസുകാരും വനംവകുപ്പുകാരം മർദ്ദിച്ചുവെന്നാണ് പറഞ്ഞു കേൾക്കുന്നത്. അതിനാലാണ് കേസിൽ സമഗ്രമായ ഒരു ജുഡീഷൽ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.