തിരുവനന്തപുരം: അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണ് ദുരന്തത്തിനു കാരണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി അണക്കെട്ട് ഒഴിച്ച് മറ്റ് അണക്കെട്ടുകൾ തുറന്നത് വേണ്ടത്ര മുന്നറിയിപ്പ് ഇല്ലാതെയാണ്. അലർട്ടുകൾ പ്രഖ്യാപിക്കുന്പോൾ പാലിക്കേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ യഥാസമയം ഒഴിപ്പിച്ചില്ല. ആളുകളെ ഒഴിപ്പിക്കുന്നതിലും സർക്കാരിനു വീഴ്ച സംഭവിച്ചു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കാതെയാണ് അണക്കെട്ടുകൾ തുറന്നു വിട്ടത്. പലയിടങ്ങളിലും രാത്രിയാണ് വെള്ളം ഇരച്ചുകയറിയതെന്നും അദ്ദേഹം പഞ്ഞു.
കൃത്യമായ മുന്നറിയിപ്പുകൾ നൽകിയെങ്കിൽ ഇത്രയും വലിയ ദുരന്തം ഉണ്ടാകില്ല. അണക്കെട്ടുകൾ ഒന്നിനു പുറകേ ഒന്നായി തുറന്നതോടെ ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് ആളുകൾ ഓടി രക്ഷപ്പെട്ട്. അർധരാത്രിയിലാണ് തലയ്ക്കുമുകളിൽ വെള്ളം കയറിയത് എന്നു പറഞ്ഞത് രാജു ഏബ്രാഹമാണ്. വീണാ ജോർജും സജി ചെറിയാനും ആശങ്കകൾ പങ്കുവച്ചിരുന്നു. ആലപ്പുഴ, ചെങ്ങന്നൂർ, വൈക്കം എന്നിവിടങ്ങളിൽ മുന്നറിയിപ്പുകൾ നൽകിയില്ല. റാന്നിയിൽ പുലർച്ചെ ഒന്നിനാണ് മൈക്കിലൂടെ മുന്നറിയിപ്പ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വീഴ്ച മറയ്ക്കാനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണ്. താൻ പറഞ്ഞ കാര്യങ്ങൾക്ക് അല്ല മുഖ്യമന്ത്രി മറുപടി പറഞ്ഞത്. തന്റെ വാക്കുകൾ വെറും വിമർശനങ്ങൾ അല്ല. മറിച്ച് വീഴ്ചകൾ ചൂണ്ടി കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അലർട്ടുകൾ പ്രഖ്യാപിക്കുന്പോൾ കേന്ദ്ര ജല കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്പോൾ തന്നെ ആളുകളെ ഒഴിപ്പിക്കേണ്ട രൂപരേഖ തയാറാക്കണമെന്നാണ് നിർദേശം. മരുന്ന് ഉൾപ്പെടെയുള്ള സാധാനങ്ങൾ ക്യാന്പുകളിൽ ഉറപ്പുവരുത്തണം. റെഡ് അലർട്ടിന് മുൻപായി മുഴുവൻ അളുകളെയും ഒഴിപ്പിക്കണമെന്നാണ് നിർദേശം. ഈ നിർദേശങ്ങൾ ഒന്നും സംസ്ഥാനത്ത് പാലിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതും സർക്കാരിന്റെ വീഴ്ചയാണ്. പെരിങ്ങൽ കൂത്ത്, ഷോളയാർ അണക്കെട്ടുകൾ തുറന്നതോടെ വാച്ചുപുരത്തുള്ള ഷട്ടർ ഉപയോഗിച്ച് ഇടമലയാറിലേക്കുള്ള വെള്ളം നിയന്ത്രിക്കാമായിരുന്നു. എന്നാൽ അതിന് സർക്കാരിന് സാധിച്ചില്ല.
ഇത് ആലുവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കി. ബാണാസുര സാഗർ അണക്കെട്ട് സാധാരണ സ്ഥിതിക്ക് 50 സെന്റിമീറ്ററാണ് ഉയർത്തുന്നത്. എന്നാൽ ഇത്തവണ 250 സെന്റിമീറ്ററാണ് അണക്കെട്ട് തുറന്നത്. ഇത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.