പാലക്കാട്: കായൽ കൈയേറ്റ കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനു കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഡിസിസി ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ഇടതുസർക്കാർ കൈയേറ്റക്കാരോടൊപ്പമാണ്. മന്ത്രി തോമസ് ചാണ്ടി നിയമപരമായി കുറ്റക്കാരനാണെന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് അപഹാസ്യമാണ്. മന്ത്രി തോമസ് ചാണ്ടിയോട് ഇപ്പോഴേ രാജി ആവശ്യപ്പെടുന്നതാണ് ഉചിതം.
കായൽ കൈയേറ്റം സംബന്ധിച്ചുള്ള തർക്കം മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുള്ളതാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ അഡ്വക്കറ്റ് ജനറൽ ഒരു മന്ത്രിയെ ധിക്കരിക്കുകയില്ല. പലപ്പോഴും മുന്നണി മര്യാദ പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ സിപിഐ പ്രതികരിക്കണം.
നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ എട്ടിന് യുഡിഎഫ് സംസ്ഥാനത്തു കരിദിനം ആചരിക്കുകയാണ്. അന്നേദിവസം കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേയുഡിഎഫ് ആരംഭിക്കുന്ന പടയൊരുക്കം ജാഥയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
നവംബർ ഒന്നിനു കാസർകോഡ് ജില്ലയിലെ കുന്പളയിൽ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ഡിസംബർ ഒന്നിനു തിരുവനന്തപുരത്തു പടയൊരുക്കത്തിന്റെ സമാപന സമ്മേളനം കോണ്ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് നവംബർ എട്ടിനും എറണാകുളത്തു നവംബർ 18നും തിരുവനന്തപുരത്തു ശംഖുമുഖം കടപ്പുറത്തു ഡിസംബർ ഒന്നിനും മേഖലാ റാലികൾ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.