തൃശൂർ: കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഇടത് മുന്നണി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ഗുരുതരമായ സാഹചര്യമാണ്. ഇതോടെ ഹൈക്കോടതി പരാമർശം ശരിയാണെന്ന് ബോധ്യപ്പെട്ടു. കേരള ചരിത്രത്തിൽ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല. കാബിനറ്റ് യോഗം പോലും നേരെ ചൊവ്വേ നടത്താൻ കഴിയാത്ത പിണറായി വിജയൻ എങ്ങനെ സംസ്ഥാന ഭരിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിലനിർത്താൻ പതിനെട്ട് അടവും പയറ്റി പരാജയപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി രാജി വാങ്ങുന്നത്. മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് തോമസ് ചാണ്ടിയോട് ഇത്രയും വിധേയത്വവും ഭയവുമെന്നും അദ്ദേഹം ചോദിച്ചു. തമ്മിലടിക്കുന്ന മുന്നണിയായി ഇടതുപക്ഷം മാറിയെന്നും ജനം എന്താണ് ഇനി ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.