വൈപ്പിൻ: മുൻ പഞ്ചായത്ത് പ്രസിഡന്റ് കായലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ച വി.കെ. കൃഷ്ണന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ചെന്നിത്തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ നിയമം അനുശാസിക്കുന്ന അന്വേഷണം നടത്താൻ പോലീസിനു ബാധ്യതയുണ്ടെന്നും അദേഹം പറഞ്ഞു. പീഡനമെങ്കിൽ പാർട്ടി വിട്ട് പോന്നുകൂടെയെന്ന് പലതവണ താൻ ഭർത്താവിനെ നിർബന്ധിച്ചിട്ടുള്ളതായി വി.കെ. കൃഷ്ണന്റെ ഭാര്യ ഐഷ ചെന്നിത്തലക്കു മുന്നിൽ പ്രതികരിച്ചു.
ഈ അടുത്തകാലത്ത് ഓരോ പാർട്ടി മീറ്റിംഗുകൾ കഴിഞ്ഞ് വീട്ടിലെത്തുന്പോഴും മീറ്റിംഗിൽ തനിക്ക് ഏൽക്കേണ്ടി വരുന്ന പീഡനത്തെക്കുറിച്ച് ഭർത്താവ് തന്നോട് പറയുന്പോഴാണ് പാർട്ടി വിട്ടുപോരാൻ താൻ നിർബന്ധിച്ചിരുന്നതെന്നും കൃഷ്ണന്റെ ഐഷ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.
ആത്മഹത്യക്കുറിപ്പ് പ്രതിപക്ഷനേതാവിനെ കോണ്ഗ്രസ് പ്രവർത്തകർ വായിച്ചു കേൾപ്പിച്ചപ്പോൾ മാത്രമാണ് ഭാര്യ കത്തിലെ വാചകങ്ങൾ ആദ്യമായി കേൾക്കുന്നത്. മരണം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിനു എല്ലാ കാര്യങ്ങളും കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും എന്ത് അന്വേഷണം നടത്തിയാലും നഷ്ടമായത് തിരിച്ചു കിട്ടുമോയെന്നുമുള്ള മറുചോദ്യമാണ് ഭാര്യ ചോദിച്ചത്. പ്രഫ. കെ.വി. തോമസ് എംപി, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരും ചെന്നിത്തലക്ക് ഒപ്പമുണ്ടായിരുന്നു.
വി.കെ. കൃഷ്ണന്റെ സംസ്കാരം നടത്തി
വൈപ്പിൻ: കായലിൽ ചാടിമരിച്ച എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്റെ സംസ്കാരം നടത്തി. മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ണമാലി കടൽതീരത്ത് അടിഞ്ഞു. രാവിലെ കടപ്പുറത്തെത്തിയവരാണ് മൃതദേഹം കണ്ടത്. പോലീസിനെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി വസ്ത്രവും മറ്റും കണ്ട് ആളെ തിരിച്ചറിഞ്ഞു.
പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിച്ച മൃതദേഹം തുടർന്നു തൊട്ടടുത്ത അജന്ത കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനുവച്ചു. എസ്. ശർമ്മ എംഎൽഎ, മുൻ എംഎൽഎ പി. രാജു, വി.കെ. ബാബു, കെ.ജി. ഡോണോ, സി.കെ. മോഹനൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ എത്തി അന്ത്യോപചാരം അർപ്പിച്ചു.
സിപിഎം നേതാക്കളെ തടയുമെന്ന സ്പെഷൽ ബ്രാഞ്ച് പോലീസിന്റെ രഹസ്യ നിർദേശം ഉണ്ടായിരുന്നതിനാൽ വീട്ടിലും പരിസരത്തും വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഐഷയാണ് വി.കെ. കൃഷ്ണന്റെ ഭാര്യ. മക്കൾ: ശാന്തിനി, ശ്രീദേവി, സന്പത്ത് കുമാർ. മരുമക്കൾ: സതീശൻ, അനിരുദ്ധൻ, ശ്യാമ.
സംസ്കാരത്തിനുശേഷം സിപിഎം മാലിപ്പുറം വളപ്പ് മാർക്കറ്റിൽ ഏരിയാ സെക്രട്ടറി സി.കെ. മോഹനന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ നിന്നും സിപിഐ, കോണ്ഗ്രസ് ഐ, ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികൾ വിട്ടുനിന്നു. മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സിപിഎം സംഘടിപ്പിച്ച അനുസ്മരണമായതിനാലാണ് വിട്ടുനിന്നതെന്ന് കോണ്ഗ്രസ് ഐ വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് കെ ജി ഡോണോ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് കോണ്ഫറൻസ്ഹാളിലും അനുശോചന യോഗം നടത്തി. വരും ദിവസം പഞ്ചായത്തും കോണ്ഗ്രസും പ്രത്യേകമായി അനുസ്മരണയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.