മലപ്പുറം: യുഡിഎഫിന്റെ മദ്യനയത്തിൽ വെള്ളം ചേർക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിയർ, വൈൻ പാർലറുകൾ വഴി മദ്യം വിതരണം ചെയ്യാനുളള സർക്കാർ തീരുമാനം പുതിയ മദ്യശാലകൾ അനുവദിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ നയം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് മദ്യമുതലാളിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സർക്കാർ മദ്യനയവും നിലപാടും വ്യക്തമാക്കണം. കേരളം മദ്യാലയം ആക്കാനാണ് ഇടതുസർക്കാരിന്റെ നീക്കം. മദ്യ ഉപയോഗം വർധിപ്പിക്കുന്ന ഒരു തീരുമാനത്തെയും യുഡിഎഫ് അംഗീകരിക്കില്ല. ഇക്കാര്യം മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിഷയമാക്കും. സർക്കാരിന്റെ മദ്യനയത്തിനെതിരേ തെരഞ്ഞെടുപ്പിനുശേഷം വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.