തിരുവനന്തപുരം: നിയമസഭ സ്തംഭിപ്പിച്ചതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സഭയിൽ പെരുമാറിയത് പാർട്ടി സെക്രട്ടറിയെ പോലെയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി സഭ നിർത്താൻ ആവശ്യപ്പെട്ട് സ്പീക്കർക്ക് കുറിപ്പ് എഴുതി നൽകിയെന്നും ഇതേ തുടർന്നാണ് സ്പീക്കർ സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചത്. കുറിപ്പ് നൽകുന്നത് താൻ കണ്ടുവെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഭാ നടപടികളുമായി സഹകരിക്കാനായിരുന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. ശബരിമലയിൽ ആർഎസ്എസിന് അവസരം ഒരുക്കി കൊടുത്തത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. സഭ പിരിഞ്ഞ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.