കണ്ണൂർ: ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും തങ്ങൾ സന്ദർശിച്ചു. ശുഹൈബിന്റെ മരണം വിതച്ച ഞെട്ടലിൽ നിന്നും ആരും മുക്തരായില്ലെന്നും കോണ്‍ഗ്രസിന്റെ ആയിരം കൈകൾ ഇനി ശുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനു നേരെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ആക്രമണമുണ്ടായത്. കാലിനും കൈക്കും വെട്ടേറ്റ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെ തലശേരിയിൽ വച്ച് മരണമടയുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരേ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.