തിരുവനന്തപുരം: കോൺഗ്രസിനു അവകാശപ്പെട്ട രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തർക്കം പാർട്ടിയിൽ രൂക്ഷമാകുന്നതിനിടെ തീരുമാനത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
കോൺഗ്രസിന്റെ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതല്ലെന്ന് അദ്ദേഹം പറഞ്ഞു. കാത്തിരിക്കുക, ഇനിയും കോൺഗ്രസിൽ വലിയ തീരുമാനങ്ങൾ ഉണ്ടാകുമെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നേതൃത്വം കൂടിയെടുത്ത തീരുമാനമാണിത്. ഇത് തെറ്റാണെന്ന് പറയാനാവില്ലെന്നും മുൻ കാലങ്ങളിലും ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുത്തതല്ല. മറിച്ച് മാണി മുന്നണിയിലേക്ക് വരുന്നതിനുവേണ്ടിയാണ് സീറ്റ് നൽകിയത്.
മാണിയുടെ മുന്നണി പ്രവേശനത്തോടെ 2021ൽ യുഡിഎഫിന് അധികാരത്തിൽ വരാൻ സാധിക്കും. ഇതോടെ രണ്ട് രാജ്യസഭ സീറ്റ് ലഭിക്കുമെന്നും ഇതിൽ കോൺഗ്രസ് മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ചില കാലഘട്ടങ്ങളിൽ മുന്നണി താത്പര്യങ്ങൾ അനുസരിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. നേതൃത്വത്തിന്റെ ഈ തീരുമാനം പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യും. നേതൃത്വത്തിന്റെ തീരുമാനം സംബന്ധിച്ച് കൃത്യമായി അറിയില്ലാത്തവരാണ് പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.