പൂച്ചാക്കൽ: ജീവിതം പച്ച പിടിപ്പിക്കാൻ രമേശൻ ലോട്ടറി വിൽക്കുകയാണ്. അതും റോഡരികിൽ ഇരുന്നും കിടന്നും മുട്ടുകാൽ കുത്തിനിന്നുമാണ് ടിക്കറ്റുകൾ വിൽക്കുന്നത്.
കാലുകൾക്ക് സ്വാധീനമില്ലാത്ത രമേശന് ടിക്കറ്റ് വിൽപ്പന മാത്രമാണ് ഉപജീവന മാർഗം. അഞ്ചു വർഷം മുമ്പ് പാണാവള്ളി പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് മുച്ചക്ര സൈക്കിൽ നൽകുന്ന പദ്ധതിയിൽപ്പെടുത്തി രമേശനും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സൈക്കിൾ നൽകിയിരുന്നു. അതിലായിരുന്നു ലോട്ടറി വിൽപ്പന.
ഒരാഴ്ചമുമ്പ് സൈക്കിൾ തകരാറിലായതിനാൽ വീട്ടിൽ നിന്നു രാവിലെയും വൈകുന്നേരവും ഓട്ടോയിലാണ് ലോട്ടറി വിൽക്കാൻ എത്തുന്നത്. പൂച്ചാക്കൽ പഴയപാലം റോഡരികിലാണ് ലോട്ടറി വിൽപ്പന.
പുല്ലുപാ വിരിച്ച് അതിലിരുന്നാണ് ലോട്ടറി വിൽക്കുന്നത്.കുറെ നേരം മുട്ടിൽ കുത്തിനിന്നു വിൽപ്പന നടത്തും.കാല് വേദനിക്കുമ്പോൾ ഇരുന്നും കിടന്നുമാണ് വിൽപ്പന.
ഉച്ചയ്ക്ക് ചോറ് കൈയ്യിൽ പിടിച്ച് കഴിക്കാൻ രമേശന് ബുദ്ധിമുട്ടാണ്. ജന്മനാ കാലുകൾക്ക് സ്വാധീനമില്ലാത്ത രമേശൻ അവിവാഹിതനാണ്.
പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് കൊച്ചു പെണ്ണുവെളിവീട്ടിൽ സഹോദരൻ ചന്ദ്രനോടൊപ്പമാണ് താമസിക്കുന്നത്. മഴ വന്നാലും വെയിൽ കൂടിയാലും മറ്റോരു സ്ഥലത്തെക്ക് ഇഴഞ്ഞ് നീങ്ങി മാത്രമെ സഞ്ചരിക്കാൻ പറ്റുകയുള്ളു.
റോഡരികിൽ മുട്ടുകുത്തി നിന്നുകൊണ്ടുള്ള വിൽപ്പന ഒഴിവാക്കാൻ ആരെങ്കിലും സഹായി ക്കുമെന്ന പ്രതിക്ഷയിലാണ് രമേശൻ.