പയ്യന്നൂർ: ഐഎൻടിയുസി പ്രവർത്തകന്റെ തീവച്ചു നശിപ്പിക്കപ്പെട്ട ഓട്ടോറിക്ഷയ്ക്കു പകരം ഓട്ടോറിക്ഷ നൽകി. പയ്യന്നൂർ ബസാറിലെ ഓട്ടോറിക്ഷാ തൊഴിലാളിയും ഐഎൻടിയുസി പ്രവർത്തകനുമായ അന്നൂർ പടിഞ്ഞാറെക്കരയിലെ എ.കെ.രമേശനാണു പകരം ഒട്ടോറിക്ഷ ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ 16 നാണു രമേശന്റെ ജീവിതോപാധിയായ ഓട്ടോറിക്ഷ തീവച്ചു നശിപ്പിക്കപ്പെട്ടത്.
സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തെങ്കിലും കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ പയ്യന്നൂർ പോലീസ് സ്റ്റേഷനു മുന്നിൽ ധർണാ സമരവും നടത്തിയിരുന്നു.
അക്രമികൾ തീവച്ചു നശിപ്പിച്ച ഓട്ടോറിക്ഷയ്ക്കു പകരമായാണ് ഐഎൻടിയുസി തൊഴിലാളികളും സുമനസുകളും കൈകോർത്തു പുതിയ ഓട്ടോറിക്ഷ വാങ്ങി രമേശനു നല്കിയത്. പയ്യന്നൂർ ഗാന്ധിമന്ദിറിൽ നടന്ന താക്കോൽദാന ചടങ്ങ് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.പി.നാരായണൻ അധ്യക്ഷനായി.
പരിപാടിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ഓട്ടോത്തൊഴിലാളികളുടെ മക്കളെ കെപിസിസി ഭാരവാഹികളായ എം.നാരായണൻ കുട്ടി, എം.പി.ഉണ്ണികൃഷ്ണൻ എന്നിവർ മൊമെന്റോ നല്കി അനുമോദിച്ചു. ഡിസിസി സെക്രട്ടറിമാരായ എം.കെ രാജൻ, കെ.ബ്രിജേഷ് കുമാർ, പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഡി.കെ.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് കെ.ജയരാജ്, നഗരസഭ പ്രതിപക്ഷ നേതാവ് പി.പി.ദാമോദരൻ, പിലാക്കാൽ അശോകൻ, ഇ.പി.ശ്യാമള, എ.കെ. ശ്രീജ, രമേശന്റെ ബൂത്ത് പ്രസിഡന്റ് പി.പത്മനാഭൻ, എൻ. ഗംഗാധരൻ, പി.രാമകൃഷണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.