മോദിയുടെയും പിണറായിയുടെയും ഭരണം ജനജീവിതം നരകതുല്യമാക്കിയെന്ന് ചെന്നിത്തല

PKD-REMESHപാലക്കാട്: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന പിണറായി ഗവണ്‍മെന്റും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് ടൗണ്‍ഹാളില്‍ നടന്ന ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി  മോദി ജനങ്ങളെ നെട്ടോട്ടം ഓടിച്ചപ്പോള്‍ റേഷന്‍ വിതരണം അട്ടിമറിച്ചാണ് പിണറായി ജനങ്ങളുടെ മേല്‍ പ്രഹരം അടിച്ചേല്‍പ്പിച്ചത്. മോദി പിണറായി വിജയനു പഠിക്കുകയാണോ അതോ വിജയന്‍ മോദിക്കു പഠിക്കുകയാണോ എന്നാണ് ജനങ്ങള്‍ക്കു സംശയം. നോട്ടുകൊണ്ട് മോദിയും അരികൊണ്ട് പിണറായിയും ജനജീവിതം നരകതുല്യമാക്കുകയാണ്.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ പരാതി നല്‍കാന്‍ എത്തിയ ആദിവാസികളെ പിടികൂടി തുണിയഴിച്ച് പരിശോധിച്ചതു സാംസ്കാരിക കേരളത്തിനുതന്നെ അപമാനമാണ്. നോട്ട് പ്രശ്‌നത്തിലും അരി പ്രശ്‌നത്തിലും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതിശക്തമായ പോരാട്ടത്തിനു കോണ്‍ഗ്ര സ് രംഗത്തുവരും. സാധാരണക്കാരനായി ജനിച്ചു കേരളത്തിന്റെ ഭരണം കൈവെള്ളയില്‍ ഒതുക്കിയ നേതാവായിരുന്നു ലീഡര്‍ കെ. കരുണാകരനെന്നു രമേശ് ചെന്നിത്തല അനുസ്മരിച്ചു. സാധാരണ കോണ്‍ ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഇത്രയുമേറെ അറിഞ്ഞ ഒരു നേതാ വും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല.

ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ വി.എസ്. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, എ. രാമസ്വാമി, വി.സി. കബീര്‍, കെ.എ. ചന്ദ്രന്‍, സി.പി. മുഹമ്മദ്, വി.ടി. ബലറാം എംഎല്‍എ, സി. ചന്ദ്രന്‍, ശാന്താ ജയറാം, വിജയന്‍ പൂക്കാടന്‍, ടി.പി. ഷാജി, സി.ടി. സെയ്തലവി, പി.വി. രാജേഷ്, കെ.എസ്.ബി .എ. തങ്ങള്‍, കെ.വി. മരയ്ക്കാര്‍, കെ. ഗോപിനാഥന്‍, എ. സുമേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts