ഏങ്ങണ്ടിയൂർ: പോലീസ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണൻകുട്ടി മകൻ വിനായകന്റെ ആത്മഹത്യക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ച് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിർധനരായ വിനായകിന്റെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ ധനസഹായം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പോലീസ് രാജാണ് ഇപ്പോൾ. പിണറായി വിജയന്റെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാല് കസ്റ്റഡി മരണമാണ് ഉണ്ടായിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളിൽ മൂന്നാം മുറകളാണ് അരങ്ങേറുന്നത്. പോലീസുകാർ കൊലയാളികളായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചുവെന്ന് പറഞ്ഞ് പോലീസ് സദാചാര പോലീസ് കളിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
വിനായകന്റെ വീട്ടിലെത്തി മൃതദേഹത്തിൽ അദ്ദേഹം റീത്ത് സമർപ്പിച്ചു. കടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷണൻ കാര്യാട്ട്, ഡിസിസി അംഗം ഇർഷാദ് കെ.ചേറ്റുവ, സി.എം. നൗഷാദ്, യു.കെ.പീതാംബരൻ, സി.എസ് നാരായണൻ, സി.എ ഗോപാലകൃഷ്ൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കനത്ത പരാജയമാണെന്നും, പോലീസിനെ നിലക്ക് നിർത്തിയില്ലെങ്കിൽ ലോക്കപ്പ് മർദനങ്ങളും ആത്മഹത്യകളും നിത്യസംഭവങ്ങളാകുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.