ാആലപ്പുഴ: സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുമ്പോൾ മുഖ്യമന്ത്രി കാഴ്ചക്കാരനായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കുനേരെ അതിക്രമം നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ പോലീസ് തയാറാകുന്നില്ല. ഇതാണ് തുടരേ അക്രമങ്ങളുണ്ടാകാൻ കാരണം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കു പോലീസിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ആഭ്യന്തരം ഒഴിയുന്നതാണ് നല്ലത്. സഹോദരിമാരുടെയും അമ്മമാരുടെയും മാനത്തിനു വിലപറയുന്നവരെ പിടികൂടാൻ സർക്കാരിനു കഴിയാത്തത് ഖേദകരമാണ്.
യുഡിഎഫ് ഭരണകാലത്ത് സ്ത്രീകൾക്കെതിരേ അതിക്രമമുണ്ടായപ്പോൾ കർശന നടപടിയെടുത്തു. അതിനാൽ പിന്നീട് അതിക്രമങ്ങളൊന്നുമുണ്ടായില്ല. എന്നാൽ എൽഡിഎഫ് ഭരണത്തിൽ കേസെടുക്കാൻ പോലും പോലീസ് തയാറാകാത്തതാണ് സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സുജ ജോഷ്വ അധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്‍റ് എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി.ആർ. ജയപ്രകാശ്, ബി. ബാബുപ്രസാദ്, പി.സി. വിഷ്ണുനാഥ്, യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി, എ.എ. ഷുക്കൂർ, ഡി. സുഗതൻ, ശോഭാ വിശ്വനാഥ്, രോഹിണി ശശികുമാർ, ഉഷാഭാസി, ജി ശാന്തകുമാരി, ചന്ദ്രാഗോപിനാഥ്, ഗീതബാബു, ശ്രീദേവി രവിന്ദ്രൻ, ഗിരിജ മോഹൻ, സഞ്ജീവ് ഭട്ട്, ബിയാട്രീസ് മോഹൻദാസ്, ബി ജയലക്ഷ്മി അനിൽകുമാർ, ഗീതരാജൻ, ബി രാജലക്ഷ്മി, ശ്രീദേവി രാജൻ, ഗായത്രി തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു.