നീക്കം നടത്തിതലശേരി: പിണറായിയിലെ ആർഎസ്എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വന്തം നിലയിൽ തിരിച്ചടിക്കാൻ രാഷ്ട്രീയ ക്രിമിനൽസംഘം തീരുമാനിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തിരിച്ചടിക്കുന്പോൾ ഉണ്ടാകുന്ന പ്രത്യേക സാഹചര്യത്തെ നേരിടുന്നതിനായി 25 ലക്ഷം രൂപ സ്വരൂപിക്കാനും സംഘം നീക്കം നടത്തിയതായും പോലീസിന് സൂചന ലഭിച്ചു.
ഹവാല പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. ബിജെപി-സിപിഎം നേതൃത്വങ്ങൾ ഉഭയകക്ഷി ചർച്ചയി ലൂടെ എടുത്ത തീരുമാന പ്രകാരം സമാധാനം നിലനിർത്താനായി തിരിച്ചടികൾ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് തിരിച്ചടിക്കാൻ ക്രിമിനൽ
ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് പോലീസ് ആഭ്യന്തര വകുപ്പിന് സമർപ്പിക്കുമെന്നാണ് സൂചന. കർണാടകയിൽ നിന്നും ഒരു കോടി രൂപയുടെ ഹവാലപണം തട്ടിയെടുത്ത് വീതം വയ്ക്കുകയും പണം ഏല്പിച്ചയാളുടെ സ്വത്തും വാഹനവും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ കൂടി ധർമടം പോലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്രവർത്തകരായ ശ്രീജിത്ത്, ഷിജിൻ, ലിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ ശരത്തിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശാന്തിക്കാരനായ ഇരിട്ടി പുതിയേടത്ത് വിഷ്ണുപ്രസാദിനെ (28) ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണിവർ. ശ്രീമംഗലത്ത് നിന്നും തട്ടിയെടുത്ത 88 ലക്ഷം രൂപയും വിഹിതമായി ലഭിച്ച എട്ടുലക്ഷം രൂപയും ശരത്ത് ഉൾപ്പെടെയുള്ള ക്രിമിനൽസംഘം വിഷ്ണുപ്രസാദിന് നൽകിയിരുന്നു. നോട്ട് നിരോധനസമയത്താണ് ഈ തുക കൈമാറിയത്. പ്രതിഫലമായി മാസം തോറും 19,000 രൂപ ഈ സംഘത്തിന് നൽകിയിരുന്നു. പിന്നീട് പണം തിരിച്ചുനൽകാത്തതിനെ തുടർന്ന് വിഷ്ണുപ്രസാദിന്റെ ബന്ധുവായ ജലജയുടെ 12 സെന്റ് സ്ഥലം സംഘം കൈക്കലാക്കി.
ധർമടത്തെ രാഷ്ട്രീയ ക്രിമിനലുകൾ ഉൾപ്പെട്ട ഈ സംഘം ശരത്ത് വഴി വിഷ്ണുപ്രസാദിന്റെ ബൊലേറോ കാർ കൂടി തട്ടിയെടുത്തതോടു കൂടിയാണ് രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾ നടത്തുന്ന കൊള്ളകളെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ധർമടം ബ്രണ്ണൻ കോളജിനു സമീപത്തെ ഗ്രൗണ്ടിൽനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൊലേറോ കാറിന്റെ ആർസി ഉടമയായ വിഷ്ണുപ്രസാദിനെ പോലീസ് കണ്ടെത്തിയതോടെയാണ് ഹവാല പണം തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ കക്ഷികളായ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ക്രിമിനൽ സംഘങ്ങൾ ആറുമാസത്തിനുള്ളിൽ അഞ്ചുകോടി രൂപ കൊള്ളയടിച്ചതായി രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുള്ളത്.
ഹവാല പണം തട്ടിയെടുക്കുന്നതിന് “പൊട്ടിക്കൽ’ എന്നാണ് ക്രിമിനൽ സംഘങ്ങളുടെ ഇടയിൽ അറിയപ്പെടുന്നത്. ഇത്തരത്തിൽ കോടിക്കണക്കിനു രൂപ ഇത്തരം സംഘങ്ങൾ പൊട്ടിച്ചെടുത്തെങ്കിലും പല സംഭവങ്ങളിലും പരാതി പോലും ഉണ്ടായിട്ടില്ല. കോടികൾ തട്ടിയെടുത്ത കേസുകളിൽ പോലും ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്ന് മാത്രമാണ് ബന്ധപ്പെട്ടവർ പരാതി നൽകുന്നതെന്നാണ് പോലീസ് പറയുന്നത്.
പല രാഷ്ട്രീയ അക്രമ കേസുകളിലും ക്രിമിനലുകളെ നേതൃത്വങ്ങൾ തള്ളിപ്പറയാൻ തുടങ്ങിയതോടെ സ്വന്തമായി കേസ് നടത്താനും എതിരാളികൾക്ക് സ്വന്തം നിലയിൽ തിരിച്ചടികൾ നൽകാനും ഇത്തരം സംഘങ്ങൾ പണം സ്വരൂപിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകകേസുകളുടെ മറവിൽ ഇത്തരത്തിൽ കൊള്ളകൾ നടത്തിയിരുന്ന സംഘം ഇപ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾക്കും തലവേദനയായി മാറിയിരിക്കുകയാണ്. കൊലക്കേസ് പ്രതികളിൽ പലരും ക്വാറികൾ, ബേക്കറി തുടങ്ങിയ സ്ഥാപങ്ങളുടെ ഉടമകളായി മാറിയിരിക്കുകയാണ്.