കാസർഗോഡ്: ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത് അമിത്ഷായുടെ റിമോട്ട് കണ്ട്രോൾ ഭരണമാണെന്നും ഡൽഹിയിലെ കലാപത്തിന് ആർഎസ്എസ്-ബജ്രംഗ്ദൾ പ്രവർത്തകരെത്തിയത് യുപിയിൽനിന്നാണെന്നും ലോക്സഭയിൽ സസ്പെൻഷൻ നടപടിക്കു വിധേയനായ രാജമോഹൻ ഉണ്ണിത്താൻ എംപി.
52 പേരുടെ കൊലപാതകത്തിനിടയാക്കിയ ഡൽഹി കലാപവുമായി ബന്ധപ്പെട്ടു പാർലമെന്റിൽ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്പീക്കറും ഒളിച്ചോടുകയായിരുന്നുവെന്നും ഉണ്ണിത്താൻ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും രാജ്യത്തെ പൗരൻമാർക്കുണ്ട്. കോടതിപോലും ഇക്കാര്യം വ്യക്തമാക്കിയതാണ്.
പാർലമെന്റിൽ വരാത്ത അമിത് ഷാ സ്പീക്കറുടെ ഓഫീസിൽ സ്ഥിരമായി എത്താറുണ്ടെന്നും അവിടെനിന്നു റിമോട്ട് കണ്ട്രോൾ ഭരണമാണു നടത്തുന്നതെന്നും ഇതിന്റെ ഭാഗമാണു താനടക്കമുള്ള ഏഴ് കോണ്ഗ്രസ് എംപിമാരെ ലോക്സഭാ നടപടികളിൽനിന്നു സസ്പെൻഡ് ചെയ്തതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
സ്വേച്ഛാധിപതിയായ അമിത് ഷായ്ക്കൊപ്പം പാർലമെന്റിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് ജനങ്ങൾക്കൊപ്പം പുറത്തിരിക്കുന്നതാണെന്നും ഉണ്ണിത്താൻ പറഞ്ഞു.