സ്വയം വിമാനമുണ്ടാക്കി അതു പറത്തി വിസ്മയം സൃഷ്ടിച്ച് പതിമൂന്ന് വയസുകാരൻ. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി ടോം റോബിയാണ് കളിവിമാനം നിർമിച്ചു പറത്തിയത്. കുഞ്ഞുനാൾ മുതൽ വിമാനങ്ങളോട് താത്പര്യമായിരുന്നു ടോമിന്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കളിപ്പാട്ടക്കടയിലെ അലമാരയിൽ കണ്ട റിമോട്ട് വിമാനം ആഗ്രഹിച്ചെങ്കിലും വില കേട്ട അവൻ മോഹം മനസിലൊതുക്കി കഴിഞ്ഞു. പിന്നീടാണ് സ്വന്തമായി ഒരു റിമോട്ട് വിമാനം ഉണ്ടാക്കാനുള്ള വഴികളെക്കുറിച്ച് ടോം ആലോചിച്ചുതുടങ്ങിയത്.
ചിലരോട് ചോദിച്ചും ഇന്റർനെറ്റിൽ പരതിയും വിമാനത്തിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കി. ആറാം ക്ലാസിൽ പഠിക്കവെ തന്റെ അടുത്ത കൂട്ടുകാരുമായി ആശയം പങ്കുവച്ചു.
അങ്ങനെ കഴിഞ്ഞദിവസം താൻ സ്വന്തമായി ഉണ്ടാക്കിയ വിമാനം റിമോട്ട് ഉപയോഗിച്ചു പറത്തി കൂട്ടുകാരെയും കുടുംബക്കാരെയും വിസ്മയിപ്പിക്കുകയായിരുന്നു ടോം. അന്നു പറത്തിയ വിമാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ ടോം.
ചെങ്ങളായിയിൽ കാർഷിക നഴ്സറി നടത്തുന്ന ചെങ്ങളായി പഴയ ഹോമിയോ ആശുപത്രിക്കു സമീപത്തെ അനന്തക്കാട്ട് റോബിയുടെയും ഇരിക്കൂർ ബിആർസി സ്പെഷൽ അധ്യാപിക സുജാതയുടെയും മകനാണ്.
ഈ രംഗത്തെ വിദഗ്ധരാരെങ്കിലും മകന് നിർദേശങ്ങളും പരിശീലനങ്ങളും നൽകാൻ അറിഞ്ഞെത്തുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. സഹോദരൻ: ജസ്വിൻ റോബി.