മനുഷ്യന് സ്വന്തം വിനോദത്തിനു വേണ്ടി മൃഗങ്ങളെയും മറ്റു ജീവികളെ ഉപയോഗിക്കുന്നത് പണ്ടു മുതലേയുള്ള കാര്യമാണ്. ടൂറിസം മുഖ്യവരുമാന സ്രോതസ്സായ ഇന്തോനേഷ്യയും മലേഷ്യയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നു. സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ പേരില്‍ വനം കയ്യേറിയും തടാകങ്ങള്‍ നികത്തിയും കടല്‍ കയ്യേറിയും നിര്‍മ്മാണങ്ങള്‍ നടത്തും.
ഇതിലും ക്രൂരമാണ് സഞ്ചാരികളെ ആകര്‍ഷിക്കാനായൊരുക്കുന്ന വന്യജീവി പ്രദര്‍ശനം. പലപ്പോഴും മയക്കുമരുന്നു നല്‍കിയും, ഷോക്ക് നല്‍കിയും അവയുടെ പ്രതികരണ ശേഷിയില്ലാതാക്കും.
ചിലപ്പോള്‍ മൃഗങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പിഴുതുകളയുകയോ ചെയ്യും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പട്ടായയിലെ കടുവകള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ ഒരു സ്വകാര്യ പാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യം. ബാലിയിലെ സ്വകാര്യ മറൈന്‍ പാര്‍ക്കുകളിലും അരങ്ങേറുന്നത് സമാനരീതിയിലുള്ള സംഭവമാണ്.
ഇവിടെ ഇരകളാവുന്നതാവട്ടെ ഡോള്‍ഫിനുകളും. സ്വതവേ ശാന്തസ്വഭാവികളാണെങ്കിലും ക്ഷമ നശിച്ചാല്‍ മറ്റേതു ജീവിയേയും പോലെ ഡോള്‍ഫിനുകളും അക്രമകാരികളാകും. നിരന്തരമെത്തുന്ന സഞ്ചാരികള്‍ക്കു വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്ന ബാലിയിലെ ഡോള്‍ഫിനുകള്‍ അക്രമകാരികളായില്ലെങ്കില് മാത്രമാണ് അത്ഭുതം. ഇങ്ങനെ സംഭവിച്ചാല്‍ സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ഡോള്‍ഫിനുകളുടെ പല്ലുകള്‍ പിഴുത് കളയുന്നതാണ് ഇപ്പോഴത്തെ രീതി.
ഡോള്‍ഫിനുകളുടെ അഭ്യാസങ്ങളും അവയ്ക്കൊപ്പം നീന്തലും മറ്റുമായിരുന്നു ബാലിയിലെ മറൈന്‍ പാര്‍ക്കുകളില്‍ മുന്‍പുണ്ടായിരുന്ന ആകര്ഷണങ്ങള്. എന്നാല്‍ പാര്‍ക്കുകള്‍ തമ്മിലുള്ള മത്സരം മുറുകിയതോടെയാണ് ഡോള്‍ഫിനുകളെ ഉമ്മ വയ്ക്കാനും അവയുടെ ഉമ്മ ഏറ്റുവാങ്ങാനുമുള്പ്പെടെയുള്ള സൗകര്യങ്ങള്‍ പല പാര്‍ക്കുകളും ഏര്‍പ്പെടുത്തിയത്.
ഇത് വൈകാതെ മറ്റു പാര്‍ക്കുകളിലേക്കു കൂടി വ്യാപിപ്പിച്ചു, ഇതിനിടെ ചില സഞ്ചാരികളെ ഡോള്‍ഫിന്‍ കടിച്ച സംഭവം ഉണ്ടായതോടെയാണ് പല പാര്‍ക്കുകളും അവയുടെ പല്ല് പിഴുതുമാറ്റാന്‍ തുടങ്ങിയത്.
ഇതേക്കുറിച്ച് പരാതിപ്പെട്ടവര്‍ക്ക് പാര്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നു ലഭിച്ചത് വിചിത്രമായ മറുപടിയാണ്. ചെറുപ്പം മുതലെ കൃത്രിമ കുളത്തില്‍ വളരുന്നതിനാല്‍ ഡോള്ഫിനുകള്ക്ക് പല്ലില്ലെന്നായിരുന്നു ഇവരുടെ വാദം.
ഇങ്ങനെ പല്ല് പിഴുതു മാറ്റുന്നത് മൂലം ഡോള്ഫിനുകള്ക്കുണ്ടാകുന്ന മാനസികാഘാതം വിവരിക്കാനാകാത്തതാണ്. കൂടാതെ പല്ല് നഷ്ടപ്പെടുന്നത് ഡോള്‍ഫിനുകളുടെ ഭക്ഷണ രീതിയെത്തന്നെ ബാധിക്കുന്നു.
ഇത് വൈകാതെ അവയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയും ഡോള്‍ഫിനുകളുടെ പെട്ടെന്നുള്ള മരണത്തിനു കാരണമാകുകയും ചെയ്യും. മരിക്കും വരെ ശ്വാസം എടുക്കുന്നതിനു പോലും ഡോള്‍ഫിനുകളില്‍ വിഷമിക്കുന്ന അവസ്ഥയും ഇതുമൂലമുണ്ടാകാം. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരേ ഒരു നടപടിയും എടുക്കുന്നില്ലെന്നതാണ് മറ്റൊരു വിരോധാഭാസം.