കൊച്ചി: മലയാള സിനിമയിലെ പോരാട്ടം തുല്യതയ്ക്കു വേണ്ടിയാണെന്ന് നടിയും വിമൻ ഇൻ സിനിമാ കളക്ടീവി(ഡബ്ലിയുസിസി)ന്റെ സജീവ പ്രവർത്തകയുമായ രമ്യ നമ്പീശൻ. സിനിമയെ തകർക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അവർ വിശദീകരിച്ചു.
തൃക്കാക്കര നിയോജകമണ്ഡലത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പി.ടി. തോമസ് എംഎൽഎയുടെ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു രമ്യ. സിനിമയിലെ വനിതാകൂട്ടായ്മ ഉയർത്തുന്ന പ്രതിഷേധം ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കാനാണ്. സിനിമയെ നല്ലൊരു തൊഴിലിടമായി മാറ്റിയെടുക്കേണ്ടതുണ്ട്. മഹാനടൻന്മാരടക്കമുള്ളവരോട് തങ്ങൾ ധൈര്യപൂർവം കാര്യങ്ങൾ അവതരിപ്പിക്കുകയാണെന്ന് രമ്യ വ്യക്തമാക്കി.
കുട്ടികൾ വിജയം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ബോധിപ്പിച്ചു. വിദ്യാലയങ്ങളിൽ സാമൂഹ്യവിരുദ്ധരും തീവ്രവാദികളും നുഴഞ്ഞു കയറാതിരിക്കാൻ ജാഗ്രത വേണമെന്ന് അധ്യക്ഷത വഹിച്ച പി.ടി. തോമസ് എംഎൽഎ പറഞ്ഞു.
കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ, മുൻ മന്ത്രി കെ. ബാബു, കെഎസ്യു പ്രസിഡന്റ് കെ.എം. അഭിജിത്ത്, തൃക്കാക്കര നഗരസഭാ ചെയർപേഴ്സണ് എം.ടി. ഓമന, സേവ്യർ തായങ്കേരി, ആർ.കെ. ദാമോദരൻ, ജോഷി പള്ളൻ തുടങ്ങിയവർ പ്രസംഗിച്ചു.