രമ്യാ കൃഷ്ണൻ മലയാളികൾക്കു അന്യയല്ല. ഓരോ ഇടവേളകളിലും മലയാളത്തിൽ ശക്തമായ സ്ത്രീ കഥാപാത്രവുമായെത്തി രമ്യാ കൃഷ്ണൻ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബ്രഹ്മാണ്ഡ വിസ്മയം ബാഹുബലിയിൽ ശിവകാമി എന്ന ശക്തി ദുർഗമായെത്തി തന്റെ നാട്യ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മലയാളത്തിലൂടെ തന്റെ അഭിനയ ജീവിതമാരംഭിച്ച രമ്യാ കൃഷ്ണൻ മൂന്നര പതിറ്റാണ്ടായി സിനിമയിൽ സജീവമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നായികയായും വില്ലത്തിയായും സഹനടിയായും തിളങ്ങിയ രമ്യാ കൃഷ്ണന്റെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്നതാാണ് പടയപ്പയിൽ രജനികാന്തിനൊപ്പം നിൽക്കുന്ന നീലാംബരി എന്ന നെഗറ്റീവ് കഥാപാത്രം. ഓർക്കാപ്പുറത്ത്, അഹം, ആര്യൻ, ഒന്നാമൻ, ഒരേ കടൽ തുടങ്ങി പോയ വർഷം തിയറ്ററിലെത്തിയ ആടുപുലിയാട്ടത്തിൽ വരെ എത്തി നിൽക്കുന്നു രമ്യാ കൃഷ്ണന്റെ മലയാള സാന്നിധ്യം. ബാഹുബലിയിൽ മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജ്ഞിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച രമ്യാ കൃഷ്ണൻ തന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുന്പോൾ.
ബാഹുബലിയിലെ ശിവകാമി കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായല്ലോ?
ബാഹുബലിയുടെ കഥ പറഞ്ഞപ്പോൾതന്നെ കുഞ്ഞിനേയും കയ്യിലേന്തി പുഴയിൽ നിൽക്കുന്ന സീൻ എന്നെ ആകർഷിച്ചിരുന്നു. അത്തരമൊരു സീൻ ഞാൻ ആദ്യമായിട്ട് ചെയ്യുകയാണ്. പിന്നെ സിനിമ ഇത്ര വലുതെന്നതോ ബിഗ് ബജറ്റോ എന്നെ അലട്ടിയിരുന്നില്ല. സംവിധായകൻ രാജമൗലി ഓരോ സീനും നമുക്കു വളരെ ഡീറ്റെയിലായിട്ട് പറഞ്ഞു തരും. സ്പെഷൽ ഗ്രാഫിക്സ് ഉപയോഗിക്കേണ്ട സീനിൽ അദ്ദേഹത്തിന്റെ കൈയിൽ സ്കെച്ച് ഉണ്ടാകും. അതുവെച്ച് നമുക്കു എന്താണു സീൻ എന്ന പിക്ചർ നൽകും. അതുകൊണ്ടു തന്നെ ബാഹുബലിയിൽ അഭിനയിക്കുന്പോൾ നമുക്കു സ്ട്രെയിൻ ഒന്നുമില്ലായിരുന്നു. രാജമൗലി എന്ന സംവിധായകന്റെ മിടുക്കാണ് അതിനു കാരണം. രാജമൗലിയുടെ പ്ലസ് പോയിന്റ് എന്നത് കഥയുടെ നരേഷനാണ്. വൈകാരികമായി പ്രേക്ഷകരിലേക്കു കഥയെ മികച്ച രീതിയിൽ എത്തിക്കാൻ സാധിക്കുന്നു.
37 വയസുള്ള പ്രഭാസാണ് ചിത്രത്തിൽ മകനായും ചെറുമകനായും എത്തുന്നത്?
ഞാൻ അഭിനയിച്ച തുടങ്ങുന്നത് എന്നേക്കാൾ ഇരുപതും മുപ്പതും വയസ് കൂടുതലുള്ള നായകന്മാർക്കൊപ്പമാണ്. ഇപ്പോൾ അതിനു വിപരീതമായി എന്നതുമാത്രം. പിന്നെ ഒരു കഥാപാത്രമായിക്കഴിഞ്ഞാൽ വയസ് നമ്മൾ നോക്കില്ലല്ലോ. കാരണം അവിടെ അഭിനയം മാത്രമാണ് ലക്ഷ്യം. നമ്മുടെ കഥാപാത്രവും സിനിമയും മികച്ചതാക്കാനാണ് ശ്രമിക്കുന്നത്.
കരിയറിലെ മികച്ച കഥാപാത്രങ്ങളായി കരുതുന്നത് ഏതൊക്കെയാണ്?
ബാഹുബലിയിലെ ശിവകാമി തന്നെയാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം. അതിനൊപ്പം തന്നെയാണ് പടയപ്പയിലെ നീലാംബരിയും. പിന്നെ പഞ്ചതന്ത്രത്തിലേതടക്കം കുറച്ചേറെ മികച്ച കഥാപാത്രങ്ങളാകാൻ സാധിച്ചിട്ടുണ്ട്.
സിനിമയിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എങ്ങനെയാണ് സിനിമാ മേഖലയിലേക്കെത്തുന്നത്?
ചെറുപ്പം മുതൽ തന്നെ ഞാൻ ഒരു ക്ലാസിക്കൽ ഡാൻസറായിരുന്നു. എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു ഞാൻ വലിയൊരു നർത്തകിയായി മാറുക എന്നത്. അന്നത്തെകാലത്ത് ഒരു നർത്തകി പോപ്പുലറാകുന്നത് അവർ നല്ല പ്രായമാകുന്പോഴേക്കാണ്. അപ്പോൾ ഡാൻസ് മേഖലയിൽ പെട്ടെന്നു ശ്രദ്ധിക്കപ്പെടും എന്നു കരുതിയാണ് സിനിമയിലേക്കു ഞാനെത്തുന്നത്. എന്നാൽ അഭിനയിച്ചു തുടങ്ങിയതോടെ ഡാൻ സെല്ലാം മറന്നു എന്നതാണു സത്യം. എങ്കിലും നൃത്തത്തിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
ആദ്യ ചിത്രം തന്നെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമായിരുന്നല്ലോ?
നൃത്ത അരങ്ങേറ്റത്തിന്റെ ഫോട്ടോസ് അന്നു കുറച്ചു മാഗസിനിൽ വന്നിരുന്നു. അതു കണ്ടിട്ടാണ് നിരവധി സംവിധായകർ വിളിക്കുന്നത്. ഞാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്നു നേരം പുലരുന്പോൾ. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഞാനും. പിന്നീടും നിരവധി സിനിമകളിൽ ഇരുവർക്കുമൊപ്പം അഭിനയിക്കാൻ എനിക്കു സാധിച്ചു. പക്ഷേ, അതു തിയറ്ററിലെത്തുന്നത് രണ്ടു വർഷത്തിനു ശേഷമാണ്. അതുകൊണ്ടുതന്നെ എന്റെ ആദ്യ റിലീസ് തമിഴ് ചിത്രം വെള്ളൈ മനസായിരുന്നു. ആദ്യ സിനിമ ചെയ്യുന്ന സമയത്ത് അഭിനയത്തിനെപ്പറ്റി ഒരു ധാരണയുമില്ലായിരുന്നു. സിനിമയുടെ പാട്ടു സീൻ ചിത്രീകരിക്കുന്പോൾ കാമറയ്ക്കു മുന്നിൽ നടക്കേണ്ടത് എങ്ങനെയെന്നതു പോലും അന്നു ഞാൻ പരിശീലനം നടത്തിയിരുന്നു. അവിടെ നിന്നും പടയപ്പ കഴിഞ്ഞപ്പോഴാണ് അഭിനേതാവ് എന്ന നിലയിൽ എനിക്കു തന്നെ ഒരു സംതൃപ്തി തോന്നിയത്.
ഇടക്കാലത്ത് ടെലിവിഷനിലും താരമായിരുന്നല്ലോ?
നിരവധി സീരിയലുകളിലേക്ക് ആ സമയത്ത് അവസരം വന്നിരുന്നു. നമ്മുടേതായ രീതിയിൽ അവിടെയും എന്തെങ്കിലുമൊക്കെ ചെയ്യാമെന്നു കരുതി. പിന്നെ ഒരു അഭിനേതാവ് എന്ന നിലയിലുള്ള മാറ്റത്തിനാണ് ഞാനും ശ്രമിച്ചത്.
അഭിനയത്തിൽ ഏറെ ടിപ്സ് നൽകാറുണ്ടെന്ന് ഒപ്പം അഭിനയിച്ച പല നായികമാരും പറയാറുണ്ട്?
ഒരു സഹപ്രവർത്തക എന്ന നിലയിൽ ആവശ്യമെങ്കിൽ ചെറിയ ടിപ്സൊക്കെ ഞാൻ നൽകാറുണ്ട്. പിന്നെ ഇപ്പോഴത്തെ കുട്ടികൾക്കറിയാം എന്താണു വേണ്ടതെന്ന്. ഒരുപാട് അവസരങ്ങളും എക്സ്പീരിയൻസും അവർക്കു കിട്ടുന്നുണ്ട്. ഞങ്ങളുടെ സമയത്ത് ഇത്രമാത്രം ടെലിവിഷൻ ചാനലുകളില്ല. അന്നു ഓരോ സിനിമകളിലൂടെയാണ് നമ്മൾ പഠിക്കുന്നത്. ഇന്നു സിനിമയിലേക്കെത്താൻ നിരവധി വഴികൾ കലാകാരികൾക്കുണ്ട്. അതുകൊണ്ടു തന്നെ സിനിമയിലേക്കെത്തുന്നതിനു മുന്പ് അതിനെപ്പറ്റിയുള്ള ധാരണയും അറിവും അവർക്കുണ്ട്.
ഇന്നു നായികമാർ സിനിമയിൽ സ്ഥിരമായി നിൽക്കുന്നില്ലെന്നു തോന്നിയിട്ടില്ലേ?
ഞാൻ സിനിമയിൽ വന്ന സമയത്ത് ഈ മേഖലയിൽ വലിയ മത്സരമില്ലായിരുന്നു. അതുകൊണ്ടു 15-20 വർഷത്തോളമെത്തുന്ന വലിയ കാലഘട്ടം സിനിമയിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചു. പിന്നീടു സിനിമയുടെ ട്രെൻഡുമാറി. ജനങ്ങളിലേക്കു കൂടുതലടുത്തു. അപ്പോൾ പലരും സിനിമയിൽ പെട്ടെന്നു തിളങ്ങുകയും അപ്രത്യക്ഷമാവുകയും ചെയ്തു. കാരണം ഇന്ന് ഒരുപാട് ചോയിസ് മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള സാധ്യതയും നായികമാർക്കു കുറയുന്നു.
പുതിയ നായികമാരെ ശ്രദ്ധിക്കാറുണ്ടോ?
തൃഷ എന്റെ അടുത്ത സുഹൃത്താണ്. പിന്നെ അനുഷ്ക, നയൻതാര, തമന്ന ഇവരുടെ അഭിനയമൊക്കെ ഇഷ്ടമാണ്. പുതിയ നായികമാരെല്ലാം നല്ല പാഷൻ ഉള്ളവരാണ്. അവരുടേതായ പോസിറ്റീവ്- നെഗറ്റീവിനെപ്പറ്റി അവർക്കു ബോധമുണ്ട്.
രജനികാന്തിനും കമൽഹാസനുമൊപ്പം അഭിനയിച്ചു. എങ്ങനെ കാണുന്നു ഇരുവരേയും?
അവർ രണ്ടുപേരും പ്രതിഭകളാണ്. അവരുടെ അഭിനയ ശൈലിയും വ്യത്യസ്തമാണ്. രജനി സാറിൽ നിന്നുമാണ് ഒരു മനുഷ്യൻ എങ്ങനെയാവണമെന്ന ഗുണങ്ങൾ ഞാൻ പഠിക്കുന്നത്. കമൽ സാർ ഒരു കോളജ് പോലെയാണ്. അവിടെ നിന്നും ഒരുപാടു നമുക്ക് പഠിക്കാൻ സാധിക്കും. കമൽഹാസനൊപ്പം പഞ്ചതന്ത്രത്തിൽ അഭിനയിക്കുന്പോൾ ഓരോ സീനും എനിക്കു നൽകിയത് ഓരോ പാഠങ്ങളാണ്. കാരണം ഓരോ തവണയും അത്ര വ്യത്യസ്തമായാണ് കമൽ കാമറയ്ക്കു മുന്നിലെത്തുന്നത്. എഴുതി വച്ചിരിക്കുന്നതിൽ നിന്നും കാമറയിൽ കാണുന്പോൾ അതു മറ്റൊന്നായിരിക്കും. കമൽ, രജനി, മമ്മൂട്ടി, മോഹൻലാൽ, ഷാരുഖ് ഖാൻ, ചിരംജീവി തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിക്കാൻ സാധിച്ചു.
നായികയാകുന്പോഴും നെഗറ്റീവ് വേഷത്തിലും തിളക്കമാർന്ന വിജയം നേടാനായത്?
എല്ലാത്തരം കഥാപാത്രങ്ങളേയും ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഞാൻ ആദ്യം നെഗറ്റീവ് വേഷം ചെയ്യുന്നത് തെലുങ്കു ചിത്രം അമ്മോരുവിലാണ്. പിന്നെ ഷാരുഖ് ഖാനൊപ്പം ഹിന്ദി ചിത്രം ചാഹത്തിൽ. അതിനു ശേഷമാണ് രജനികാന്തിനു വില്ലത്തിയായി പടയപ്പയിലെത്തുന്നത്. ആ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ആദ്യത്തെ ഒരാഴ്ച തമിഴ് നാട്ടിലെ തിയറ്ററുകളിൽ നീലാംബരിയെ കാണിക്കുന്പോൾ ചെരുപ്പേറായിരുന്നു പ്രതികരണം. എന്നാൽ ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് നല്ല അഭിപ്രായങ്ങളും അഭിനന്ദനവും കിട്ടാൻ തുടങ്ങി. ടൈപ്പ് ചെയ്യപ്പെടാതെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചു.
ഭർത്താവ് കൃഷ്ണ വംശിയുടെ സിനിമയിൽ അഭിനേതാവായി കാണാറില്ല?
അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. പക്ഷേ അദ്ദേഹം അതിനു അനുവദിക്കില്ല. എന്നെ ഡയറക്ട് ചെയ്യാൻ താല്പര്യമില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അതിഥി വേഷം അഭിനയിക്കാൻ ചെന്നു. അദ്ദേഹം സംഭാഷണം പറഞ്ഞു തന്നപ്പോൾ എനിക്കു ചിരിവന്നു. കൃഷ്ണവംശി ഒരു സീരിയസ് സംവിധായകനാണ്. ഞാൻ ചിരിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അന്ന് പ്രതിജ്ഞ ചെയ്തതാണ് എന്നെ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിപ്പിക്കയില്ലെന്ന്.
കുടുംബവും സിനിമയും എങ്ങനെ ബാലൻസ് ചെയ്യുന്നു?
ഇപ്പോൾ സിനിമയ്ക്കായി ഏറെ തിരക്കിട്ട് സമയം ചെലവഴിക്കാറില്ല. ഒരുപാട് സിനിമകളും സ്വീകരിക്കാറില്ല. പിന്നെ സെലക്ടീവായിട്ട് ചെറിയ സമയം വേണ്ടിവരുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുക്കാൻ ശ്രമിക്കുന്നത്. പിന്നെ ബാഹുബലി പോലൊരു സിനിമ വരുന്പോൾ അതു തള്ളിക്കളയാനും സാധിക്കില്ല. എപ്പോഴും കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യം.
ഇനി രാഷ്ട്രീയത്തിലേക്കും പ്രവേശിക്കുന്നുണ്ടോ?
എന്റെ കുടുംബവും സിനിമയുമായി തന്നെ ഞാൻ തിരക്കിലാണ്. പിന്നെ രാഷ്ട്രീയ ത്തിനപ്പറ്റി എനിക്കു വലിയ അറിവും എനിക്കില്ല. തെരഞ്ഞെടുപ്പു വരുന്പോൾ വോട്ടു ചെയ്യാറുണ്ട്. അത്രമാത്രം.
പുതിയ സിനിമകൾ ഏതൊക്കെയാണ്?
ഇപ്പോൾ ചെയ്തു കഴിഞ്ഞത് സൂര്യയ്ക്കൊപ്പമുള്ള തമിഴ് ചിത്രം താനാ സേർന്ത കൂട്ടമാണ്. അതിനു ശേഷം ഒരു തെലുങ്കിലൊരു ചിത്രം ചെയ്യുന്നുണ്ട്. കമലഹാസന്റെ സബാഷ് നായിഡു പിന്നീടുള്ളത്.