കൊച്ചി: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുകയാണ്. പോലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും അദ്ദേഹം പറഞ്ഞു.
വിജയരാഘവനെതിരെ നിയമനടപടി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ആവശ്യമെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. വിജയരാഘവനെതിരെ ഡിജിപിക്ക് നേരിട്ട് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പോലീസിന് നിയമോപദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്പി തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി. കേസെടുക്കേണ്ട തരത്തിലുള്ള കുറ്റം വിജയരാഘവൻ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.