തലശേരി: കാട്ടാമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യയെ(26) പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജിലെ മുറിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ ഭർതൃസഹോദരനെ വെറുതെവിട്ടു. ശിക്ഷാ ഇന്ന് ഉച്ചകഴിഞ്ഞ് പറയും.
രമ്യയുടെ ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാര്‍ (40), മാതാവ് പത്മാവതി (70) എന്നിവരെയാണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഭർത്താവ് ഷമ്മികുമാറിൽ 498 എ വകുപ്പുപ്രകാരം ഗാര്‍ഹിക പീഡനം, 302ാം വകുപ്പു പ്രകാരം കൊലപാതകം, 201ാം വകുപ്പു പ്രകാരം തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും മാതാവ് പത്മാവതിയിൽ 498 പ്രകാരം ഗാര്‍ഹിക പീഡനകുറ്റവുമാണ് തെളിഞ്ഞിട്ടുള്ളത്. രണ്ടാംപ്രതി ലതീഷ്കുമാറിൽ ഗാർഹികപീഡനം കുറ്റം ചുമത്തിയിരുന്നെങ്കിലും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ വെറുതെവിടുകയാണെന്ന് കോടതി പറഞ്ഞു.
ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് കുറ്റം ചെയ്തിട്ടില്ലെന്ന മറുപടിയാണ് ഷമ്മികുമാറും പത്മാവതിയും നൽകിയത്.
അപൂർവ്വങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.ജോൺസൺ ഇന്ന് നടന്ന വാദത്തിൽ കോടതിയിൽ പറഞ്ഞു. സാഹചര്യതെളിവുകൾ പ്രകാരമാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ നൽകണം. സാക്ഷികൾ കളവുപറയാം എന്നാൽ സാഹചര്യ തെളിവുകൾ കളവുപറയില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
2010 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം. ഭാര്യയേയും ഇളയകുട്ടിയേയും കൂട്ടി ജനുവരി 16 ന് വീടുവിട്ട ഷമ്മികുമാര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ച ശേഷം 20ന് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.അന്നു രാത്രിയില്‍ തന്നെ കുട്ടിയെ രമ്യയുടെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ കൊണ്ടു പോയിവിട്ടു. പിറ്റേദിവസം രമ്യയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് രമ്യ പയ്യന്നൂരിലെ ലോഡ്ജിലുണ്ടെന്നറിയിച്ച ശേഷം ഷമ്മികുമാര്‍ സ്ഥലം വിടുകയായിരുന്നു. 22 ന് ലോഡ്ജ് അധികൃതര്‍ മുറി തുറന്നു നോക്കിയപ്പോഴാണ് രമ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിദേശത്തേക്കു കടന്ന ഷമ്മികുമാറിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. 2002 ജൂണ്‍ രണ്ടിനാണ് ഷമ്മികുമാറും രമ്യയും വിവാഹിതരായത്. ഈ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്.
കോടതിയിൽ 40 സാക്ഷികളെ വിസ്തരിക്കുകയും 28 തൊണ്ടി മുതലുകൾ ഹാജരാക്കുകയും ചെയ്തു. ഒന്നാം പ്രതിയുടെ സഹോദരിയും ഭര്‍ത്താവും മൂന്നാം പ്രതിയുടെ ഭാര്യയും സംഭവസമയത്തെ അഴീക്കോട് പഞ്ചായത്ത് സെക്രട്ടറിയും വിചാരണ വേളയില്‍ കൂറുമാറിയിരുന്നു.
നഗ്നയായിട്ടാണ് രമ്യയുടെ മൃതദേഹം കാണപ്പെട്ടത്. ഒരു സ്ത്രീയും നഗ്നയായിട്ട് തൂങ്ങിമരിച്ചതായി കണ്ടിട്ടില്ലെന്ന പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ.ഗോപാലകൃഷ്ണ പിള്ളയുടെ മൊഴി കോടതി പരിഗണിക്കണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദത്തിനിടയില്‍ പറഞ്ഞിരുന്നു. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് രമ്യ ആശുപത്രിയില്‍ ചികിത്സ തേടിയത് സംബന്ധിച്ച രേഖകളും വനിതാ കമ്മീഷനിലും വനിതാസെല്ലിലും നല്കിയ പരാതിയും മക്കളുടെ ചെലവിനായി രമ്യ നല്കിയ ഹർജിയുമെല്ലാം വിചാരണക്കിടയില്‍ കോടതിക്കു മുന്നിലെത്തി. കേസിലെ ഒന്നാം സാക്ഷിയായ ലോഡ്ജ് മാനേജർ ആലിക്കുഞ്ഞി രോഗബാധിതനായി കിടപ്പിലായതിനാല്‍ വിസ്താരം നടന്നിരുന്നില്ല. ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് കോടതി സമന്‍സയച്ച് മൊഴി രേഖപ്പെടുത്തുകയും ആലിക്കുഞ്ഞിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തു.