കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വന്നപ്പോള്‍ അതിലെ ഏക സ്ത്രീ സാന്നിധ്യമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്. ആലത്തൂരിൽ എല്‍ഡിഎഫിന്റെ സിറ്റിംഗ് എംപി പി.കെ ബിജുവിനെതിരെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ രമ്യയുടെ കന്നി മത്സരം. 2013ല്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്തത്തില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെയാണ് ബിഎ സംഗീത വിദ്യാർഥിയായ രമ്യ ശ്രദ്ധയാകര്‍ഷിക്കുന്നത്. പരിപാടിയിലെ പ്രകടനത്തിലൂടെ തന്റെ നേതൃത്വപാടവം തെളിയിച്ച രമ്യ 2015 മുതല്‍ കോഴിക്കോട്ടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ് രമ്യ. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേ റ്റര്മാരില് ഒരാളാണ്. സംസ്കാര സാഹിതി വൈസ് ചെയര്മാന്, ജവഹര്‍ ബാലജനവേദി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ രമ്യ വഹിക്കുന്നുണ്ട്.
കെഎസ്യു പെരുവയല്‍ മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്നമംഗലം നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി, രണ്ടു തവണ പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ ആദിവാസി-ദളിത് സമൂഹങ്ങ ളുടെ ഭൂസമര നായികയായി പങ്കെടുത്തിരുന്നു.