ജിമ്മി ജോർജ്
പാലക്കാട്: കോഴിക്കോടുനിന്ന് ആലത്തൂരിലേക്കുള്ള രമ്യ ഹരിദാസിന്റെ വരവും, തുടർന്ന് ആലത്തൂരിലെ പ്രചാരണരംഗത്തെ പ്രകടനവും, ഇപ്പോൾ സംസ്ഥാനത്തെതന്നെ ഞെട്ടിച്ചുള്ള വൻ വിജയവുമാണ് ഈ തെരെഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം. സ്ഥാനാർഥിനിർണയം മുതൽ അത്ഭുതങ്ങൾ കാണിച്ച “പെങ്ങളൂട്ടി’ പാട്ടുപാടി ആലത്തൂരിന്റെ മനസ് കീഴടക്കുകയായിരുന്നു. വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നര ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷം ഏവരേയും അന്പരപ്പിച്ചു.
1991 വരെ മൂന്നുതവണ മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ വിജയിപ്പിച്ച പഴയ ഒറ്റപ്പാലം മണ്ഡലത്തിൽ രമ്യ ഹരിദാസ് എന്ന യുവതിയിലൂടെ വീണ്ടും കോണ്ഗ്രസ് പതാക പാറി. 26 വർഷത്തെ സിപിഎം കുത്തകയാണ് രമ്യയിലൂടെ യുഡിഎഫ് തകർത്തത്. സിപിഎമ്മിന്റെ കുത്തകമണ്ഡലത്തിൽ ആരും അറിയപ്പെടാതെ വന്ന് വിജയം തട്ടിയെടുത്തപ്പോൾ അത് പെങ്ങളൂട്ടിയോടുള്ള ആലത്തൂരിന്റെ ഇഷ്ടം എത്രമാത്രമെന്നു തെളിയിക്കുന്നതായി.
സ്ഥാനാർഥിയുടെ വ്യക്തിപരമായ മികവും നിലവിലെ എംപി പി.കെ. ബിജുവിനോടുള്ള മണ്ഡലത്തിലെ പാർട്ടിപ്രവർത്തകരുടേയും വോട്ടർമാരുടേയും എതിർപ്പും രമ്യയുടെ വിജയത്തിനു കാരണങ്ങളായി. അതോടൊപ്പം എ. വിജയരാഘവന്റേയും ദീപ നിശാന്തിന്റേയും രമ്യയെക്കുറിച്ചുള്ള വിവാദ പ്രസ്താവനകളും വോട്ടർമാർക്കു രമ്യയോടുള്ള പ്രിയം വർധിപ്പിച്ചു. അപവാദങ്ങളിൽ തളരാത്ത പോരാട്ടവീര്യവും വിവാദങ്ങളിൽനിന്ന് ഉൗർജം നേടിയുള്ള പ്രവർത്തനവും രമ്യയും കോണ്ഗ്രസ് പ്രവർത്തകരും പ്രകടിപ്പിച്ചു.
സ്ത്രീകളേയും യുവ വോട്ടർമാരേയും ആകർഷിക്കാൻ രമ്യക്കു കഴിഞ്ഞുവെന്നും അവസാന വിശകലനത്തിൽ വ്യക്തമാകുന്നു. ഏഴു മണ്ഡലങ്ങളിലേയും മികച്ച ലീഡ് വിജയത്തിനു തിളക്കമേറ്റി. തെരഞ്ഞെടുപ്പിനു ശേഷം ഇടതുകോട്ടയിൽ വിജയം സുനിശ്ചിതമെന്ന ഉറപ്പാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ രമ്യക്കും പാർട്ടിക്കും പ്രേരണയായത്.
പാട്ടുപാടിയുള്ള രമ്യയുടെ പ്രചാരണശൈലി ആലത്തൂരിനും സംസ്ഥാനത്തിനുതന്നെയും പുതുമയായിരുന്നു. രമ്യയുടെ പ്രചാരണയോഗങ്ങളെല്ലാം ആഘോഷപ്രതീതിയിലായിരുന്നു. ഇതു പ്രവർത്തകരിലുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല. മുന്പെങ്ങുമില്ലാത്ത വിധത്തിൽ കെട്ടുറപ്പോടെ പ്രവർത്തകരെ രംഗത്തിറക്കാൻ രമ്യക്കു കഴിഞ്ഞു. ഈ ശൈലി വോട്ടർമാരെയും സ്വാധീനിച്ചതോടെ അതെല്ലാം വോട്ടുകളായി മാറി.
സ്ത്രീകളും യുവാക്കളും തങ്ങളുടെ വീട്ടിലെ ഒരു കുട്ടിയായി രമ്യയെ ഏറ്റെടുത്തതോടെ വലിയൊരു അട്ടിമറിക്കു കളമൊരുങ്ങുകയായിരുന്നു. തങ്ങളോടൊപ്പം നിൽക്കുന്ന ഒരു ജനപ്രതിനിധിയെന്ന അവരുടെ തോന്നൽ വോട്ടായി മാറിയപ്പോൾ അതു സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെതന്നെ തിളക്കമുള്ള ഏടായി മാറുകയുമായിരുന്നു.