സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെല്ലാം കഴിഞ്ഞ് തുടരെത്തുടരെ എതിരാളികളുടെ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയാണ് ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എന്നാല്‍ അസാമാന്യ മനക്കട്ടി കൊണ്ടും സംയമനത്തോടെയുള്ള മറുപടി കൊണ്ടും എതിരാളികളുടെ വാ അടപ്പിക്കാനും രമ്യയ്ക്ക് കഴിയുന്നുണ്ട്.
എന്നാല്‍ അതിനേക്കാളൊക്കെ ഉപരിയായി രമ്യ എങ്ങനെ പൊതുരംഗത്തേയ്ക്ക് എത്തി എന്നിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പഭിനയിച്ച ഒരു പരസ്യചിത്രത്തിന്റെ പേരിലാണ് രമ്യ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ താരമായിരിക്കുന്നത്.
2014ല്‍ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രീകരിച്ച പരസ്യത്തിലാണ് രമ്യ കോണ്‍ഗ്രസിന് വേണ്ടി പ്രത്യക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ആഹ്വാനം ചെയ്യുന്നതാണ് പരസ്യം. വിവിധ വിഷയങ്ങളില്‍ 11 ഭാഷകളിലാണ് പരസ്യം തയാറാക്കിയത്.
ഇതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 30 വയസ്സിനു താഴെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പല പരീക്ഷകള്‍ നടത്തിയാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും 16 പേരെയാണ് ആദ്യ പട്ടികയിലേക്ക് പരിഗണിച്ചത്. ഡല്‍ഹില്‍ ആദ്യ സ്ക്രീനിംഗ്. ഓരോത്തര്‍ക്കും നല്കിയ വിഷയങ്ങളെക്കുറിച്ച് ക്യാമറയ്ക്കു മുന്നില്‍ അവതരിപ്പിക്കണം. സ്വയം പരിചയപ്പെടുത്തലും വേണം. അതില്‍ നിന്നും 8 പേരെ തിരഞ്ഞെടുത്ത് പരിശീലനം നല്കി.
ഗ്രൂപ്പ് ചര്‍ച്ച, സ്കിറ്റ് തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടിരുന്നു. അതിലും തിളങ്ങിയ നാല് മലയാളികളെയാണ് പരസ്യത്തിലേക്ക് തിരഞ്ഞെടുത്തത്. ഓരോ വിഷയത്തിലും, ഓരോ ഭാഷയില്‍ ഒരാള്‍ വിഷയം അവതരിപ്പിക്കുന്ന തരത്തിലായിരുന്നു പരസ്യം.’ഞാന്‍ രമ്യ, രാഹുല്‍ ഗാന്ധിയുടെ യുവാവേശം ഉള്ളില്‍ തുളുമ്പുന്ന ഒരു എളിയ കോണ്‍ഗ്രസുകാരി.’ പരസ്യത്തിലെ നീണ്ട വാചകങ്ങള്‍ക്കൊടുവില്‍ രമ്യ പറയുന്നതിങ്ങനെ.
ആറുവര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ ഹരിദാസ് ശ്രദ്ധനേടിയത്. നാലുദിവസത്തെ പരിപാടിയില്‍ സ്വന്തം നിലപാടുകളും വ്യക്തിത്വവും നേതൃപാടവവും വ്യക്തമാക്കി രമ്യ ശ്രദ്ധാ കേന്ദ്രമായി.