ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് സ്വന്തമായുള്ളത് നാല് ഗ്രാം സ്വര്‍ണവും രണ്ട് അക്കൗണ്ടുകളിലായി 12,816 രൂപയും! സ്ഥാനാര്‍ത്ഥിക്കെതിരെ നിലനില്‍ക്കുന്നത് മൂന്ന് കേസുകളും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയമായതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുകയാണ്. അതില്‍ തന്നെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ സ്വത്ത് വിവരങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്.

രമ്യ ഹരിദാസിന്റെ പേരില്‍ ആകെയുള്ളത് 22,816 രൂപയുടെ സ്വത്താണ്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12, 816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം സ്വര്‍ണവുമുണ്ട്. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 1,75,200 രൂപയാണ് രമ്യയുടെ വാര്‍ഷിക വരുമാനം. കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ സ്വന്തമായില്ല.

നിലവില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. എല്‍ഐസി ഏജന്റായ അമ്മ രാധയുടെ വാര്‍ഷിക വരുമാനം 12,000 രൂപ. അമ്മയ്ക്കു 40,000 വിലമതിക്കുന്ന 16 ഗ്രാം സ്വര്‍ണമുണ്ട്. പിതാവിന്റെ പേരില്‍ 20 സെന്റ് ഭൂമിയും 1,000 ചതുരശ്ര അടി വീടുമുണ്ട്. കോഴിക്കോട് നടക്കാവ് എഡിജിപി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിനും കസബ, മുക്കം പോലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചതിനും 3 കേസുകള്‍ രമ്യക്കെതിരെയുണ്ട്.

Related posts