തൃശൂർ: ജില്ലയിലെ എംപിമാർക്കൊരുക്കിയ സ്വീകരണത്തിൽ താരമായത് ആലത്തൂരിൽ പാട്ടുംപാടി ജയിച്ച പെങ്ങളൂട്ടി രമ്യ ഹരിദാസ്. സ്വാഗതപ്രസംഗം നടക്കുന്പോൾ വേദിയിലെത്തിയ രമ്യയെ നിറഞ്ഞ കൈയടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.
സ്വാഗത പ്രസംഗകൻ പേരു പറഞ്ഞപ്പോൾ മറ്റ് രണ്ട് എംപിമാരെക്കാളും കൈയടി കിട്ടിയതും രമ്യയ്ക്കായിരുന്നു. ഓരോ തവണ രമ്യയുടെ പേര് പരാമർശിച്ചപ്പോഴും സദസ് കരഘോഷത്താൽ മുങ്ങി.
ഇന്ത്യൻ പാർലമെന്റിലെ യുവവിസ്മയം എന്നായിരുന്നു രമ്യയെ വി.എം. സുധീരൻ വിശേഷിപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിലെ ഏറ്റവും നല്ല ചോയ്സ് ആയിരുന്നു രമ്യയെന്നു പലരും തന്നോടു പറഞ്ഞതായുള്ള രമേശ് ചെന്നിത്തലയുടെ വാക്കുകളും പ്രവർത്തകരെ ആവേശം കൊള്ളിച്ചു. ആലത്തൂരിലെ ചരിത്രവിജയത്തിനു ശേഷം പ്രവർത്തകർക്കിടയിൽ രമ്യയുടെ താരപരിവേഷം ഇരട്ടിച്ചുവെന്നു വ്യക്തമാക്കുന്ന രംഗങ്ങളാണ് ടൗണ്‍ഹാളിൽ കണ്ടത്.