ഏതുവേഷം കൊടുത്താലും ഒരു കൂസലുമില്ലാതെ ചെയ്യുന്ന താരമാണ് രമ്യാകൃഷ്ണൻ. ഇപ്പോൾ രമ്യയെ തേടി മറ്റൊരു അവസരം കൂടി എത്തിയിരിക്കുകയാണ്. ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണെന്നും അതിൽ ജയലളിതയായി എത്തുന്നത് രമ്യാകൃഷ്ണനാണെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
കാർത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നും ചിത്രത്തിന്റെ പ്രൊഡ്യൂസർമാരിൽ ഒരാളായ ആദിത്യ ഭരദ്വാജ് പറഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
തമിഴ് നാട് മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതം വെള്ളിത്തിരയിൽ പകർന്നാടാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ ആ അവസരം രമ്യയെ തേടിയെത്തിയിരിക്കുന്നുവെന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.