രമ്യാകൃഷ്ണനിപ്പോള് ശിവഗാമിയാണ്. കഴിഞ്ഞ മുപ്പതുവര്ഷത്തിനിടയില് അഞ്ചു ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച രമ്യ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് ശിവഗാമിയെ വിശേഷിപ്പിക്കുന്നത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എങ്ങനെ ആ കഥാപാത്രമായി സിനിമയില്‍ ജീവിക്കാം എന്നാണ് രമ്യയുടെ ചിന്ത. നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖം. പിന്നീട് ബാഹുബലിയിലൂടെ കണ്ടത് ശിവഗാമി രാജമാതാവിന്റെ ശക്തയായ വേഷം.
തന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം എന്നാണ് നീലാംബരിയെപ്പറ്റി രമ്യ പറയുന്നത്. എന്നാല്‍ ഈ കഥാപാത്രത്തെ പേടിച്ചാണ് അഭിനയിച്ച് ഫലിപ്പിച്ചതെന്ന് രമ്യ കൃഷ്ണന് പറയുന്നു. രജനീകാന്ത് എന്ന വലിയ താരത്തോടൊപ്പം അഭിനയിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതും ടെന്‍ഷനു കാരണമായി.
നീലാംബരിയുടെ വേഷം അഭിനയിച്ചുകഴിഞ്ഞപ്പോഴും ഭയം വിട്ടൊഴിഞ്ഞില്ലെന്നു താരം പറയുന്നു. മാത്രമല്ല കൂടെയുള്ളവരും രമ്യയെ പേടിപ്പിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചെന്നൈയില്‍ നില്‍ക്കരുതെന്ന് സിനിമയിലെ ഓരോ ഷോട്ട് കഴിയുമ്പോഴും അവര്‍ പറയുമായിരുന്നു. കാരണം അവര്‍ ആരാധിക്കുന്ന വലിയ താരത്തെയാണ് ചിത്രത്തില്‍ രമ്യയുടെ കഥാപാത്രം പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്. ആ നാളുകളില്‍ എന്തു ചെയ്യണമെന്നറിയാതെ ഭയപ്പെട്ടിരുന്നെന്ന് രമ്യ പറഞ്ഞു. പടയപ്പ റിലീസ് ചെയ്ത ശേഷം രമ്യയുടെ സഹോദരി സിനിമ കാണാന്‍ തിയറ്ററില്‍ പോയിരുന്നു. ”രമ്യ കൃഷ്ണന്റെ മുഖം വരുമ്പോള്‍ ആളുകള്‍ തിയറ്ററുകളില്‍ ചെരുപ്പൂരി എറിയുന്നതാണ് കാണാന്‍ കഴിഞ്ഞത്’.പടയപ്പ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് േശഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് രമ്യ കൃഷ്ണന് പറഞ്ഞു. ആളുകള്‍ തന്നെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും തുടങ്ങിയെന്നും അപ്പോഴാണ് പകുതി ആശ്വാസമായതെന്നും രമ്യ പറയുന്നു.
തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച അഞ്ചുവേഷങ്ങളില്‍ ഒന്നാം സ്ഥാനം ശിവഗാമിയ്ക്കാണെന്ന് രമ്യ പറയുന്നു. നീലാംബരിയും ശിവഗാമിയും ഒപ്പത്തിനൊപ്പം നില്‍ക്കുമെങ്കിലും കൂടുതല്‍ ഇഷ്ടം ശിവഗാമിയോടാണെന്ന് രമ്യ പറഞ്ഞു.’ബാഹുബലിയിലേക്ക് വിളിക്കുമ്പോള്‍ ഈ സിനിമ ഇത്ര വലിയൊരു കാന്‍വാസിലൊരുങ്ങുന്ന സിനിമയായിരുന്നെന്ന് അറിയില്ലായിരുന്നു. മാത്രമല്ല ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോള്‍ വലിയൊരു വിജയമാകുമെന്ന് രാജമൗലി പോലും വിചാരിച്ചിരുന്നില്ലയെന്നും രമ്യ പറയുന്നു. ഇതുപോലൊരു ബ്രഹ്മാണ്ഡചിത്രത്തിന്റെ ഭാഗമാകുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും രമ്യ പറയുന്നു.