പാലക്കാട്: ആലത്തൂരിൽ കോണ്‍ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ ലീഡ് 60,000 കടന്നു. ഇതു ജനംതന്ന വിജയമെന്നാണ് രമ്യയുടെ മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണം. അട്ടമിറി വിജയം പ്രതീക്ഷിച്ചിരുന്നെന്നും ജനങ്ങൾക്ക് നന്ദി പറയുന്നതായും രമ്യ പറഞ്ഞു.
ആലത്തൂർ: ആലത്തൂരിൽ രമ്യ ഹരിദാസിന്റെ കുതിപ്പ്. 69812 വോട്ടിന്റെ ലീഡാണ് ആലത്തൂരിൽ രമ്യയ്ക്കുള്ളത്. സിറ്റിംഗ് എംപി പി.കെ. ബിജുവിനെ പിന്നിലാക്കിയാണ് രമ്യയുടെ കുതിപ്പ്.
ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് ബിജുവിന് ലീഡ് ലഭിച്ചത്. ഇടത് കോട്ടകൾ പോലും പിടിച്ചാണ് രമ്യ ലീഡ് നിലനിർത്തുന്നത്.
സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂർ. എന്നാൽ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസ് മത്സരത്തിനിറങ്ങിയതോടെ മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു രമ്യ.
രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവനും പരിഹസിച്ച് ദീപ നിശാന്തും രംഗത്തെത്തിയത് രമ്യക്ക് അനുകൂല തരംഗം സൃഷ്ടിച്ചിരുന്നു.