തിരുവനന്തപുരം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ(അമ്മ)യിലേക്കു തിരികെ പ്രവേശിക്കുന്നതിനായി മാപ്പുപറയാൻ ഒരുക്കമല്ലെന്ന് നടി രമ്യ നന്പീശൻ. സംഘനയിലേക്കു തിരികെപോകാൻ അപേക്ഷ നൽകില്ലെന്നും കെപിഎസി ലളിതയുടെ വാർത്താസമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നതാണെന്നും രമ്യ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ സംഘടനയോടു മാപ്പു പറയില്ല. തിരിച്ചെടുക്കാനായി അപേക്ഷയും നൽകില്ല. കെപിഎസി ലളിതയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. അവരുടെ നിലപാട് നിരാശപ്പെടുത്തുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്.
എല്ലാം സഹിച്ചാൽ മാത്രമെ സംഘടനയ്ക്കുള്ളിൽ നിലനിൽക്കാൻ സാധിക്കൂ എന്നാണ് അവർ പറയുന്നത്. ഞങ്ങൾക്കതിനു സാധിക്കില്ല. ഞങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ചു നിൽക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല- രമ്യ പറഞ്ഞു.
എഎംഎംഎ സംഘടന ആരുടെകൂടെ നിൽക്കുന്നു എന്നത് വ്യക്തമാണെന്നും ഇത്തരത്തിൽ ഒരു നിലപാടെടുക്കാൻ അവർക്ക് എങ്ങനെ സാധിക്കുന്നു എന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും രമ്യ കൂട്ടിച്ചേർത്തു.
സ്വയം രാജിവച്ചു സംഘടനയിൽനിന്നും പുറത്തു പോയവരെ തിരിച്ചു വിളിക്കാനാകില്ലെന്നും ഇക്കാര്യത്തിൽ സംഘടനയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും എഎംഎംഎ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പുറത്തുപോയവർ മാപ്പു പറയട്ടെയെന്നു കെപിഎസി ലളിതയും കൂട്ടിച്ചേർത്തു.