ഷിജീഷ് യു.കെ
നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ വെള്ളിത്തിരയില്‍ രമ്യാ നമ്പീശന്റെ മുഖം വീണ്ടും തെളിയുന്നു. ആഷിഖ് അബുവിന്റെ വൈറസില്‍ റിമ കല്ലിങ്കലിനും പാര്‍വതിക്കുമൊപ്പമാണ് മികച്ചൊരു കഥാപാത്രത്തിലൂടെ രമ്യയുടെ തിരിച്ചുവരവ്. ചങ്കൂറ്റമുള്ള നായികയുടെ പ്രതിനിധിയാണ് രമ്യാ നമ്പീശന്‍.
മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഒന്നര പതിറ്റാണ്ടായി നായികാ സാന്നിധ്യം നിലനിര്‍ത്തുന്ന രമ്യ കഥാപാത്രങ്ങളുടെ മികവിനപ്പുറം അഭിപ്രായ പ്രകടനങ്ങളിലെ വ്യതിരിക്തിതകൊണ്ടാണു ശ്രദ്ധ നേടുന്നത്. നായികയും ഗായികയുമായി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സജീവത നിലനിര്‍ത്തുന്ന രമ്യക്കൊപ്പം.
തമിഴില്‍ രമ്യയ്ക്ക് സ്ഥിരം അമ്മവേഷമാണല്ലോ?
അത്രയധികം അമ്മവേഷങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ല. വിജയ് സേതുപതിക്കൊപ്പം സേതുപതിയില്‍ പെണ്‍കുട്ടിയുടെ അമ്മയായി അഭിനയിച്ചു. പിന്നീടു വിജയ് ആന്റണിക്കൊപ്പം തമിഴരസനില്‍ ഒരു അമ്മവേഷം ചെയ്തു.
ഈ രണ്ടു സിനിമകളും നന്നായി ഓടിയവയാണ്. അതുകൊണ്ടാവും ഒരു മദര്‍ ഇമേജ് എനിക്കു വന്നത്. പിന്നെ കഥാപാത്രം അമ്മയാണോ മകളാണോ എന്നൊന്നും എനിക്കു വിഷയമല്ല. എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടായാല്‍ മതി.
അഭിനയിക്കുന്ന സിനിമകളില്‍ പാടാന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നു കേട്ടു?
ഈ പച്ചക്കള്ളമൊക്കെ ആരാണു പ്രചരിപ്പിക്കുന്നത്. ഒരു സിനിമയില്‍പ്പോലും പാടാന്‍ ചാന്‍സു ചോദിച്ചിട്ടില്ല. അതിന്റെ ആവശ്യവും എനിക്കില്ല. ഞാന്‍ നടിയാണ്. ഗായികയല്ല. ചില സിനിമയുടെ സിറ്റ്വേഷനനുസരിച്ച് സംഗീത സംവിധായകര്‍ ഈ പാട്ട് രമ്യ പാടണം എന്നാവശ്യപ്പെടുമ്പോള്‍, സ്‌നേഹപൂര്‍വം നിര്‍ബന്ധിക്കുമ്പോള്‍ പാടാറുണ്ട്. അതിനെ ഒരു ബോണസ് കൂടിയായി കാണുന്നു.
പുതിയ നായകന്‍മാര്‍ക്കൊപ്പവും കൂടുതലായി അഭിനയിക്കുന്നു?
പുതിയ നടന്‍, പഴയ നടന്‍ എന്നീ വ്യത്യാസങ്ങള്‍ ഒരിക്കലും ഞാന്‍ കാണിച്ചിട്ടില്ല. നായകനല്ല, കഥയില്‍ എന്റെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതാണ് സിനിമയുടെ സെലക്ഷനുള്ള എന്റെ മാനദണ്ഡം. എസ്റ്റാബ്ലിഷ് ആയ നായകന്മാരുടെ സിനിമകളില്‍ മിക്കപ്പോഴും നാലഞ്ചു സീനുകളേ നായികയ്ക്ക് നീക്കിവയ്പുണ്ടാവൂ.
ചിലപ്പോള്‍ ഒന്നും ചെയ്യാനില്ലാത്ത അമ്മവേഷമാവും അവളെ കാത്തിരിക്കുന്നത്. എന്നാല്‍, പുതിയ നായകന്മാരുടെ പടങ്ങളില്‍ അറിഞ്ഞോ അറിയാതെയോ നായികമാര്‍ക്കു മുന്തിയ പ്രാധാന്യം ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം ചിത്രങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നു.
സേതുപതിയുടെ രണ്ടാംഭാഗത്തില്‍ രമ്യയെ കാണുമോ?
കരിയറില്‍ മികച്ച കഥാപാത്രങ്ങളിലൊന്നു സേതുപതിയിലേതാണ്. ഈ സിനിമ ചെയ്യുമ്പോള്‍തന്നെ സംവിധായകന്‍ അരുണ്‍കുമാര്‍ സാറിനോടു പറഞ്ഞിരുന്നു സേതുപതിക്കു രണ്ടാംഭാഗമുണ്ടെങ്കില്‍ അതിലും ഞാന്‍ തന്നെയായിരിക്കും നായികയെന്ന്. മറിച്ചായാല്‍ ഞാന്‍ നിങ്ങളുടെ പേരില്‍ കേസുകൊടുക്കുമെന്നും. പക്ഷേ, സേതുപതി രണ്ടിനെക്കുറിച്ച് ആരും എന്നോട് ഒന്നും പറഞ്ഞിട്ടില്ല. സേതുപതിക്ക് രണ്ടാംഭാഗം സംഭവിച്ചാല്‍ ഞാനാവും അതിലെ നായികയെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു.
ഗോസിപ് കോളങ്ങളില്‍ രമ്യയെ കണ്ടിട്ടേയില്ല?
വര്‍ക്കാണു മുഖ്യം. സിനിമയില്‍ സമയം പണമാണ്. ഷൂട്ടിംഗിനിടയില്‍ നായകനോ നായികയോ വേറെന്തെങ്കിലും വിഷയങ്ങളില്‍ വ്യാപ്രതരായാല്‍ നിര്‍മാതാവിന്റെ പണമാവും വേസ്റ്റ് ആവുക. ഈയൊരു ബോധം തുടക്കം മുതലേ എന്നിലുണ്ട്. അതുകൊണ്ടുതന്നെ വരുക, അഭിനയിക്കുക, തിരിച്ചുപോകുക എന്നതിലപ്പുറം വേറൊന്നിനും ഞാന്‍ പ്രാധാന്യം കൊടുക്കാറില്ല.
അതുകൊണ്ടാവാം എന്നെക്കുറിച്ചു കാര്യമായ ഗോസിപ്പൊന്നും ഇതുവരെ വരാത്തത്. സിനിമയ്ക്കു ഞാന്‍ വളരെ റസ്‌പെക്ട് നല്‍കുന്നു. അതേ അളവ് റസ്പക്ട് എന്റെ കഥാപാത്രത്തിനും നല്‍കുന്നു. ഒരു സിനിമയിലേക്ക് അവസരം ലഭിച്ചാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ കഥാപാത്രത്തോടൊപ്പം ട്രാവല്‍ ചെയ്യും.
അവളുടെ ഇന്നലെകള്‍ അവള്‍ നേരിടുന്ന പ്രതിസന്ധികല്‍. അവളുടെ കുടുംബം എല്ലാം ഓട്ടോമാറ്റിക് ആയി എന്റേതായി മാറും. അതിനിടയില്‍ മറ്റു കാര്യങ്ങളൊന്നും സ്പര്‍ശിക്കില്ല. ആ സിനിമ തീരുമ്പോള്‍ അടുത്ത സിനിമ. അതാണു രീതി.
ആദ്യകാലത്തു ഗ്ലാമര്‍ റോളുകള്‍ ചെയ്തിരുന്നല്ലോ?
സിനിമ എന്താണെന്ന് അറിയാത്ത പ്രായത്തിലാണ് ഈ ഫീല്‍ഡില്‍ എത്തുന്നത്. ആട്ടനായകനിലൊക്കെ അഭിനയിക്കുമ്പോള്‍ ഗ്ലാമറിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലായിരുന്നു. അവര്‍ തരുന്ന ഡ്രസ്സുകള്‍ ഒക്കെ നമ്മള്‍ അങ്ങു ധരിക്കുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ രമ്യ അഹങ്കാരിയാണ്.
ഗുരുത്വമില്ലാത്തവളാണ് എന്നെല്ലാം ഗോസിപ്പുകളുണ്ടാവമോ എന്നു പേടിച്ച കാലമായിരുന്നു അത്. അന്നങ്ങനെ യൊക്കെ അഭിനയിച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നിയിട്ട് എന്തു പ്രയോജനം. ഇന്നു ഗ്ലാമര്‍ വേഷമാണ്, രമ്യ അഭിനയിക്കുമോ എന്നു ചോദിച്ച് ആരും എന്റെയടുത്ത് വരില്ല. ആ തരത്തില്‍ മാറാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
ആരുടെ ബയോപ്പിക്കില്‍ അഭിനയിക്കാനാണ് ഇഷ്ടം?
അതു സംവിധായകന്റെ ചോയ്‌സ് അല്ലേ. ഇന്നയാളുടെ ജീവചരിത്രം സിനിമയാക്കുകയാണ്. രമ്യ ആ കഥാപാത്രത്തിന് ആപ്റ്റ് ആയിരിക്കും എന്നു സംവിധായകനാണു തോന്നേണ്ടത്. ഇന്നയാളായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ വിളിച്ചുപറയുന്നതില്‍ എന്തര്‍ഥം? എന്നാലുംചോദിച്ചതുകൊണ്ട് പറയാം. സുഗതകുമാരി ടീച്ചറുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആ കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്.
ഇലക്ഷന്‍ പ്രചരണത്തിന് വിളിച്ചിട്ടു പോയില്ല?
തമിഴ്‌നാട് ഇലക്ഷനില്‍ സിനിമാതാരങ്ങളുടെ സജീവപങ്കാളിത്തം സാധാരണമാണ്. പക്ഷേ, എനിക്കു രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല. അതുകൊണ്ടാണു ചില കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും പ്രചരണത്തിനു പോകാതിരുന്നത്. അറിയുന്ന ജോലി അഭിനയമാണ്. അതു ഭംഗിയായി ചെയ്യുക. ഇപ്പോഴെന്റെ പോളിസി അതാണ്.
സംവിധാനം രമ്യാ നമ്പീശന്‍ എന്നു സ്‌ക്രീനില്‍ തെളിയാന്‍ സമയമായോ?
സംവിധാനം ഭാരിച്ച ജോലിയാണ്. ഒരുപാടുകാലത്തെ കഠിനപ്രയത്‌നത്തിനുശേഷമാണ് ഒരു സംവിധായകന്‍ ജനിക്കുന്നത്. ഞാന്‍ സിനിമയെക്കുറിച്ചു പഠിച്ചുതുടങ്ങിയിട്ടേയുള്ളു. അതുകൊണ്ടുതന്നെ തല്‍ക്കാലം സംവിധാനത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ഭാവിയില്‍ സംവിധാനം ചെയ്യുമോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല.
നമ്പീശന്‍ എന്ന ജാതിപ്പേരു മുറിച്ചുകളയാന്‍ സമയമായി?
നായികമാര്‍ ജാതിപ്പേരു മുറിച്ചുമാറ്റുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. പക്ഷേ, എന്റെ പേരിനൊപ്പമുള്ള നമ്പീശന്‍ പാരമ്പര്യമായി കിട്ടിയതൊന്നുമല്ല. ശരിക്കും ഞാന്‍ രമ്യ സുബ്രഹ്മണ്യമാണ്. സായാഹ്‌നം എന്ന സിനിമയില്‍ ബാലതാരമായി അഭിനയിക്കാന്‍ വരുമ്പോള്‍ രമ്യ ഉണ്ണി എന്ന പേരായിരുന്നു അച്ഛന്റെ മനസില്‍ ഉണ്ടായിരുന്നത്. ദിവ്യാ ഉണ്ണി കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. ഒരു സിനിമയില്‍ രണ്ട് ഉണ്ണിമാര്‍ വേണ്ടെന്നു കളിയായി പറഞ്ഞ് സംവിധായകന്‍ എന്റെ പേരു രമ്യ നമ്പീശന്‍ എന്നാക്കിമാറ്റുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ ഞാന്‍ രമ്യയാണ്. സിനിമയില്‍ മാത്രമേ രമ്യ നമ്പീശന്‍ എന്ന പേരുള്ളു. ഇല്ലാത്ത ജാതിപ്പേരു മുറിച്ചുകളയുന്നതെങ്ങനെ?
ഒരു സ്ഥിരം ചോദ്യം, കല്യാണം എന്നാണ്?
സിനിമയില്‍ വന്നതിനുശേഷം ഒരുപാടു വിവാഹങ്ങള്‍ കണ്ടു. അതിലധികം വിവാഹമോചനങ്ങള്‍ക്കും സാക്ഷിയായി. അതുകൊണ്ടാവാം വിവാഹം എന്നു കേള്‍ക്കുന്നതേ പേടിയാണ്. വീട്ടുകാര്‍ വിവാഹത്തിനു നിര്‍ബന്ധിച്ചു തുടങ്ങിയിരിക്കുന്നു. രണ്ട് ഓപ്ഷനുകളാണ് എനിക്കുമുമ്പില്‍. ഒന്ന്, വീട്ടുകാര്‍ കാണിച്ചുതരുന്ന പുരുഷന് താലിചാര്‍ത്തുക, രണ്ട്, ഒരാളെ ഞാന്‍ സ്വയം കണ്ടെത്തി വീട്ടുകാര്‍ക്കുമുമ്പില്‍ അവതരിപ്പിക്കുക.
ഈ രണ്ടു കാര്യത്തിനും എന്തോ ഒരു വിമുഖത തോന്നുന്നു. വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ കണ്‍ഫ്യഷന്‍ തീരുന്നതേയില്ല. നിസാര കാരണങ്ങളാലാണു പല താരവിവാഹങ്ങളും തകരുന്നത്. പല താരങ്ങളും ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ വിശദീകരിക്കുമ്പോള്‍ ശാശ്വതമല്ലാത്ത വിവാഹക്കരാറില്‍ ഏര്‍പെട്ട് ഉള്ള മനസമാധാനംകൂടി ഇല്ലാതാക്കണോ എന്നു ചിന്തിച്ചുപോകുന്നു.