അമ്മ താരസംഘടനയില്‍ നിന്നും രാജിവച്ച ശേഷം നാലു നടിമാര്‍ക്കും സമൂഹത്തില്‍ നിന്നു ലഭിക്കുന്നത് വലിയ പിന്തുണയാണ്. രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി.
അമ്മ പ്രതിരോധത്തിലാകുകയും ചെയ്തു. ഇപ്പോഴിതാ രമ്യ നമ്പീശന് അമ്മ യോഗങ്ങളില്‍ എന്താണു നടക്കുന്നതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
രമ്യ പറയുന്നതിങ്ങനെ- കഴിഞ്ഞ 10 വര്‍ഷമായി താരസംഘടനയായ അമ്മയുടെ ഭാഗമായിരുന്നു ഞാന്‍. ആദ്യമൊക്കെ എല്ലാ മീറ്റിങ്ങുകള്‍ക്കും പങ്കെടുക്കുമായിരുന്നു. യോഗങ്ങളില്‍ പോകുന്നതല്ലാതെ തങ്ങളോട് ആരും അഭിപ്രായം ചോദിക്കാറില്ല.
വലിയ താരങ്ങള്‍ പറയാനുള്ളത് കേള്‍ക്കും. പിന്നീടാണ് മനസിലായത് ഇത് ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലാണെന്ന്. അമ്മയില്‍ ഉന്നയിക്കാന്‍ തനിയ്ക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവിടെ ചോദിക്കാന്‍ പറ്റില്ലായിരുന്നു.
ഡബ്ല്യൂസിസി സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത് അതാണ്. അതേസമയം അമ്മയ്ക്ക് എതിരെ നില്‍ക്കാനല്ല. അമ്മയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു തങ്ങള്‍ക്ക് ഇഷ്ടം. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി പോരാടും അമ്മയുടെ നിലപാട് ഞെട്ടിപ്പിക്കുന്നതും അതിലേറെ വിഷമം ഉണ്ടാക്കുന്നതുമാണ്. എന്താണ് ഇതിന്റെയൊക്കെ പിന്നില്ലെന്ന് അറിയില്ല. എങ്കിലും തങ്ങള്‍ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും.
ഞങ്ങള്‍ കുറച്ചു പേര്‍ക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല. സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണിത്. ഇനി വരാനിരിക്കുന്ന തലമുറക്കാര്‍ക്കും വേണ്ടിയുള്ളതാണ്. കൂടാതെ ഞങ്ങള്‍ എടുത്ത തീരുമാനത്തില്‍ ഞങ്ങള്‍ വളരെ സന്തോഷവതികളാണ്. ഞങ്ങള്‍ക്കിടയില്‍ കെട്ടുറപ്പുണ്ട്- രമ്യ പറഞ്ഞു.