ജോണ്സണ് വേങ്ങത്തടം
കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരേ എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ നടത്തിയ മോശം പരാമർശങ്ങളിൽ പ്രതിരോധത്തിലായി സിപിഎം. വിജയരാഘവനെയും സിപിഎമ്മിനെയും വലിച്ചു കീറി സോഷ്യൽമീഡിയ രംഗത്തെത്തി. പാവപ്പെട്ട പെണ്‍കുട്ടിക്കു സ്ഥാനാർഥിയാകാൻ പോലും സാധിക്കാത്ത കേരളമായി മാറിയെന്നു പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസും സോഷ്യൽമീഡിയയും രംഗം കൊഴുപ്പിക്കുകയാണ്.
’പെണ്‍കുട്ടിയെ അപമാനിച്ചു. ഇന്ന് ക്ഷമ പറയും . പറയേണ്ടതുപറയുകയും അപമാനിക്കുകയും ചെയ്തിട്ടു സിപിഎം അതും ചെയ്യുമെന്നും സോഷ്യൽമീഡിയയിൽ കമന്റുകൾ വരുന്നു. വിജയരാഘവന്റെ പ്രസംഗത്തിനെതിരേ സാംസ്കാരിക പ്രവർത്തകരൊന്നും രംഗത്തുവരാത്തതിനെതിരേയും സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വിവാദ പരമാർശം കത്തുന്പോൾ സ്ത്രീത്വത്തെ അവഹേളിച്ച വിജയരാഘവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രമ്യ ഹരിദാസിന്റെപേരു പറയാതെ ‘ആലത്തൂരിലെ സ്ഥാനാർഥിയായ പെണ്‍കുട്ടി’ എന്ന പേരിലാണ് പരാമർശം നടത്തിയത്. പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനു തൊട്ടുമുൻപായിരുന്നു വിവാദപ്രസംഗം.
സ്ഥാനാർഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയി എന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എ .വിജയരാഘവന്റെ പരാമർശം. ’നോമിനേഷൻ കൊടുക്കാൻ പോയ ആ പെണ്‍കുട്ടി.. നമ്മുടെ ആലത്തൂരിലെ സ്ഥാനാർഥി. അവർ ആദ്യം വന്നിട്ട് ആരെക്കണ്ടു… പാണക്കാട്ടെ തങ്ങളെ കണ്ടു.. പിന്നെ പോയി ആരെക്കണ്ടൂ.. കുഞ്ഞാലിക്കുട്ടിയെ കണ്ടു..
അതോടുകൂടെ ആ കുട്ടിയുടെ കാര്യം ഇനി എന്താണെന്ന് എനിക്ക് പറയാൻ വയ്യ. എല്ലാവരും പാണക്കാട് വന്ന് ഇങ്ങനെ കണ്ടോണ്ടിരിക്കുകയല്ലേ..’ ഇതായിരുന്നു എൽഡിഎഫ് കണ്‍വെൻഷനിൽ എ. വിജയരാഘവൻ പ്രസംഗിച്ചത്. ഇതോടെ ആലത്തൂരിൽ മത്സരിക്കാൻ എത്തിയ കോഴിക്കോട്ടെ പാവപ്പെട്ട പെണ്‍കുട്ടിയെ എൽഡിഎഫ് നിരന്തരം അപമാനിക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടിയായി മാറുകയാണ് ഈ സംഭവവും.
തുടക്കംമുതലെ മത്സരിക്കാൻ പണം ഇല്ലാതെ വന്നതോടെ പലരും രമ്യയെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. പാട്ടുപാടിയും നല്ലരീതിയിൽ പ്രസംഗിച്ചും എല്ലാവരോടും നല്ലരീതിയിൽ ഇടപഴകിയുമെല്ലാം രമ്യ ഹരിദാസ് പ്രചരണ രംഗത്ത് സജീവമായപ്പോൾ ഇടതുപക്ഷ ഫേസ്ബുക്ക് അനുഭാവിയായ തൃശൂർ കേരള വർമ്മ കോളജിലെ ദീപ നിശാന്ത് വിമർശനവുമായി രംഗത്തെത്തി. പാട്ടുപാടുന്നതിനെ പരിഹസിച്ചും മറ്റും ദീപ ഇട്ട പോസ്റ്റിന് താഴെ പക്ഷേ, വലിയ വിമർശനമാണ് ഉണ്ടായത്.
സിപിഎം പ്രവർത്തകർ പോലും ദീപ നിശാന്തിനെതിരേ രംഗത്തു വന്നു. ബിജുവിനെ തോൽപിക്കാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നുവെന്ന രീതിയിൽ ഇവരെ വിമർശിച്ച സിപിഎം പ്രവർത്തകരുണ്ട്. ഇതോടെ ദീപ പത്തിമടക്കി. ഇത് ഐഡിയ സ്റ്റാർ സിംഗറിന്റെ ഓഡിഷനല്ലെന്നും മറ്റും പറഞ്ഞാണ് ദീപ എത്തിയത്. സോഷ്യൽമീഡിയ സജീവമായി രംഗത്തെത്തിയപ്പോഴാണ് ദീപ പിൻമാറിയത്.
രാഹുൽഗാന്ധിതന്നെ കണ്ടെത്തി അംഗീകാരം നൽകുകയും ദേശീയനേതാവാക്കുകയും ചെയ്ത രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ട് എൽഡിഎഫ് കണ്‍വീനർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.നവോത്ഥാനവും വനിതമതിലും ഉയർത്തുന്ന സിപിഎമ്മിനു മറുപടിയില്ലാത്ത അവസ്ഥയിലേക്കുകാര്യങ്ങൾ നീങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എം.കെ. പ്രേമചന്ദ്രനെതിരേയുള്ള പിണറായി വിജയന്റെ പരനാറി പ്രയോഗം പോലെ കത്തുകയാണ് ആലത്തൂർ സ്ഥാനാർഥിയായ പെണ്‍കുട്ടി പ്രയോഗവും.
ഏതായാലും വരുംദിവസങ്ങളിൽ ഈ വിഷയം വലിയ ചർച്ചയാവുന്ന സാഹചര്യമാണ് ഉള്ളത്. കൊല്ലത്തു എം.എ. ബേബി മത്സരിക്കുന്പോഴാണ് പിണറായിവിജയൻ പരനാറി പ്രയോഗം നടത്തിയത്. എം.എ. ബേബി പരാജയപ്പെട്ടുവെങ്കിലും ആർഎസ്പിയുടെ നെറിക്കെടിനു ഇത്തരമൊരു പ്രയോഗം ആവശ്യമാണെന്നായിരുന്നു പിണറായിയുടെ മറുപടി.
ഇതിനിടയിൽ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ നാമനിർദ്ദേപത്രികയിലെ വരുമാന കണക്ക് കേട്ടാൽ ആരും ഞെട്ടും. ഈ പെണ്‍കുട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിട്ടും അവരുടെ കൈയിൽ ഒന്നുമില്ല. ആകെ 22,816 രൂപയുടെ സ്വത്താണുള്ളത്.
രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 12,816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാലു ഗ്രാം സ്വർണവുമുണ്ട്.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യയ്ക്ക് ശന്പളവും അലവൻസും ഉൾപ്പെടെ 1,75,200 രൂപയാണു വാർഷിക വരുമാനം. കൃഷിഭൂമി, കാർഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ സ്വന്തമായില്ല.
ഇടതു കോട്ടയായ ആലത്തൂർ പിടിക്കാനാണ് യുഡിഎഫ് രമ്യാ ഹരിദാസിനെ രംഗത്തിറക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് രമ്യാ ഹരിദാസിന്റെ പേരും ഉയർന്നു വന്നത്. നിലവിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. 29-ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്.
കേരളത്തിലെ ആകെയുള്ള രണ്ടു സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ലാണ് ആലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂർ. മണ്ഡലം രൂപീകരിച്ചതുമുതൽ സിപിഎമ്മിന്റെ പി.കെ. ബിജുവാണ് ആലത്തൂരിന്റെ എംപി. ആലത്തൂരിൽ ഇക്കുറിയും പികെ ബിജു തന്നെയാണ് ഇടതുമുന്നണി സ്ഥാനാർഥി.