കണ്ണൂർ: കേരളത്തിൽനിന്നു ലോക്സഭയിൽ എത്തിയ വനിതാ അംഗങ്ങളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (1,58,968) ആലത്തൂരിൽനിന്നു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് സ്വന്തം. 2004ൽ വടകരയിൽ വിജയിച്ച സിപിഎമ്മിലെ പി. സതീദേവിയുടെ റിക്കാർഡ് ഭൂരിപക്ഷമാണ് ഇതോടെ പഴങ്കഥയായത്. 1,30, 589 വോട്ടുകൾക്കാണ് അന്നു സതീദേവി കോൺഗ്രസിലെ എം.ടി. പത്മയെ തോൽപ്പിച്ചത്. കേരളത്തിൽ പ്രമുഖ മുന്നണികളിലെ വനിതകൾ ഏറ്റുമുട്ടിയ ഏക മത്സരം കൂടിയായിരുന്നു അത്.
ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വനിത കൂടിയാണ് മുപ്പത്തൊന്നുകാരിയായ രമ്യ ഹരിദാസ്. മാത്രമല്ല, ഇത്തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരിലെ “ബേബി’യും രമ്യയാണ്. സിപിഐയിലെ ഭാർഗവി തങ്കപ്പനാണ് കേരളത്തിൽനിന്നു ലോക്സഭയിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം. 1971ൽ അടൂരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർക്ക് 29 വയസായിരുന്നു. മൂന്നു തവണ ലോക്സഭയിലെത്തിയ സുശീല ഗോപാലൻ 38-ാം വയസിലാണ് ആദ്യമായി എംപിയായത്. 1967ൽ അന്പലപ്പുഴയിൽനിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2004ൽ മാവേലിക്കരയിൽനിന്നു ജയിച്ചപ്പോൾ സി.എസ്. സുജാതയ്ക്ക് 39 വയസ്.
1952 ലെ ആദ്യ ലോക്സഭയിൽ തിരുക്കൊച്ചിയെ പ്രതിനിധീകരിച്ച സ്വതന്ത്ര സ്ഥാനാർഥി ആനി മസ്ക്രീന് 50 വയസായിരുന്നു. 1998ൽ സിപിഎമ്മിലെ എ.കെ. പ്രേമജം വടകരയിൽനിന്ന് ആദ്യമായി ലോക്സഭയിൽ എത്തിയപ്പോൾ 60 വയസായിരുന്നു. 1989 മുകുന്ദപുരത്ത് ആദ്യമായി ജയിച്ചപ്പോൾ കോൺഗ്രസിലെ സാവിത്രി ലക്ഷ്മണന് 44 വയസ്. 2004ൽ വടകരയിൽ ജയിച്ച പി. സതീദേവിക്ക് 48 വയസ്. 2014ൽ കണ്ണൂരിൽ ജയിച്ചപ്പോൾ പി.കെ. ശ്രീമതിക്ക് 65 വയസ്.
1991ൽ പ്രഫ. സാവിത്രി ലക്ഷ്മണനുശേഷം കോൺഗ്രസിൽനിന്ന് ലോക്സഭയിൽ എത്തിയ വനിത കൂടിയാണ് രമ്യ. സിപിഎം എട്ടു വനിതകളെ ലോക്സഭയിൽ എത്തിച്ചു. കോൺഗ്രസ് മൂന്നും സിപിഐ ഒന്നും. കേരളപ്പിറവിക്കുശേഷം 1957 മുതൽ 2019 വരെ 314 അംഗങ്ങളെ ലോക്സഭയിലേക്ക് അയച്ചതിൽ 12 പേർ മാത്രമാണ് വനിതകൾ. ഒന്നിലധികം സഭകളിൽ അംഗങ്ങളായതു കണക്കാക്കിയാൽ ഇതുവരെയുള്ളത് 1952ൽ തിരുക്കൊച്ചിയിൽനിന്ന് ജയിച്ച ആനി മസ്ക്രീൻ ഉൾപ്പെടെ ഒൻപത് വനിതകൾ. ഒരേസമയം രണ്ടിൽ കൂടുതൽ വനിതകളെ ലോക്സഭയിൽ എത്തിച്ചിട്ടുമില്ല. മൂന്നു ലോക്സഭകളിൽ അംഗമായ സുശീല ഗോപാലനാണ് വനിതകളിൽ മുന്നിൽ. മൂന്നു തവണയും മൂന്ന് മണ്ഡലങ്ങളെയാണ് അവർ പ്രതിനിധീകരിച്ചത്.
കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിക്ക് ഇത്തവണ കണ്ണൂരിൽ വിജയം ആവർത്തിക്കാനായില്ല. 1957, 1962, 1977, 1984, 1996, 2009 വർഷങ്ങളിൽ കേരളത്തിൽനിന്ന് ഒരു വനിത പോലും ലോക്സഭ കണ്ടില്ല. മൂന്നു തവണ വനിതകളെ ലോക്സഭയിലെത്തിച്ച വടകരയാണ് മണ്ഡലങ്ങളിൽ മുന്നിൽ. തൊട്ടുപിന്നിൽ മുകുന്ദപുരവും.
കേരളത്തിൽനിന്നുള്ള വനിതാ എംപിമാരും ഭൂരിപക്ഷവും
1952 തിരുകൊച്ചി ആനി മസ്ക്രീൻ (സ്വതന്ത്ര ) 68117
1967 അന്പലപ്പുഴ സുശീല ഗോപാലൻ (സിപിഎം) 50277
1971 അടൂർ ഭാർഗവി തങ്കപ്പൻ (സിപിഐ) 1,08,897
1980 ആലപ്പുഴ സുശീല ഗോപാലൻ (സിപിഎം) 1,14,764
1989 മുകുന്ദപുരം പ്രഫ. സാവിത്രി ലക്ഷ്മണൻ (കോൺ.) 18,754
1991 മുകുന്ദപുരം പ്രഫ. സാവിത്രി ലക്ഷ്മണൻ (കോൺ.) 12,359
1991 ചിറയിൻകീഴ് സുശീല ഗോപാലൻ (സിപിഎം) 1106
1998 വടകര പ്രഫ. എ.കെ. പ്രേമജം (സിപിഎം ) 59161
1999 വടകര പ്രഫ. എ.കെ. പ്രേമജം (സിപിഎം) 27844
2004 വടകര പി. സതീദേവി (സിപിഎം ) 1,30,589
2004 മാവേലിക്കര സി.എസ്. സുജാത (സിപിഎം) 7414
2014 കണ്ണൂർ പി.കെ. ശ്രീമതി (സിപിഎം) 6566
2019 ആലത്തൂർ രമ്യ ഹരിദാസ് (കോൺഗ്രസ്) 1,58,968
സിജി ഉലഹന്നാൻ