തെന്നിന്ത്യയിലെ മുന്നിരനായികമാരില് ഒരാളായിരുന്നു രമ്യാ കൃഷ്ണന്. തെലുങ്കിലും തമിഴിലും മലയാളത്തിലും അഭിനയിച്ച നടിക്ക് തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട്.
രമ്യാ കൃഷ്ണന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് പടയപ്പയിലെ നീലാംബരി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്. കരിയറില്‍ നായികയായി തിളങ്ങുന്ന കാലത്ത് തന്നെയാണ് രമ്യ രജിനികാന്തിനെതിരേ ശക്തമായ വില്ലൻ കഥാപാത്രം ചെയ്തത്.
നിരവധി ഷേഡുകളിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത നടി ഇന്ന് വളരെ സെലക്ടീവ് ആയാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. അടുത്തിടെ വന്ന സിനിമകളില്‍ രമ്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രം ബാഹുബലിയാണ്. ചിത്രത്തിലെ ശിവകാമി ദേവി എന്ന വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെ ആളുകള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
അതേസയമം രമ്യയുടെ കരിയര്‍ അത്ര സുഖമമായ പാതയിലൂടെയായിരുന്നില്ല. കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ ഒരു പോലെ നേരിട്ട നടികൂടിയാണ് രമ്യ കൃഷ്ണന്. നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി രമ്യ കൃഷ്ണന് അഭിനയിക്കുന്നത്. പക്ഷെ റിലീസ് വൈകിയ ചിത്രം 1986ലാണ് പുറത്തിറങ്ങുന്നത്. അപ്പോഴേക്കും രമ്യ മറ്റു ചില തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ നായികയായി രമ്യ എത്തിയപ്പോഴും തമിഴ് തെലുങ്കു സിനിമകളില്‍ അഭിനയിക്കുന്നതല്ലാതെ വലിയ ഹിറ്റുകളൊന്നും നടിക്കു ലഭിച്ചില്ല. പല ചിത്രങ്ങളും പരാജയങ്ങളായി. ഇങ്ങനെ വന്നതോടെ രമ്യയെ നായികയായി കാസ്റ്റ് ചെയ്ത പല സംവിധായകരും അവരെ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ തുടങ്ങി.
വിജയം നേടിത്തരുന്ന നായികമാരെ മാത്രമേ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ രമ്യയ്ക്ക് പല സിനിമകളും കൈയില്‍ നിന്നു പോയി. തെലുങ്ക് സിനിമയില്‍ ഓഫറുകള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ രമ്യയെ വീണ്ടും ട്രാക്കിലേക്ക് എത്തിച്ചത് കെ. രാഘവേന്ദ്ര റാവുവാണ്.
രമ്യയുടെ അഭിനയം ശ്രദ്ധയില്‍പ്പെട്ട് അല്ലുഡുഗാരു എന്ന ചിത്രത്തിന് വേണ്ടി 1990ല്‍ രാഘവേന്ദ്ര റാവു രമ്യയെ വിളിച്ചു. സെക്കന്‍ഡ് ഹീറോയിന് ആയിട്ടാണ് രമ്യ കൃഷ്ണനെ സിനിമയിലേക്ക് വിളിച്ചത്. നടന് മോഹന്‍ ബാബുവിനൊപ്പമായിരുന്നു രമ്യ അഭിനയിച്ചത്. ചിത്രത്തിലെ രമ്യയുടെ അഭിനയം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ഇതിനുപിന്നാലെ രാഘവേന്ദ്ര റാവു രമ്യയെ വച്ചു തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. രമ്യയെ നായികയാക്കി ചെയ്ത ചിത്രം അല്ലാരി മൊഗുഡു വന്‍ ഹിറ്റായി. ചിത്രത്തിന്റെ 100 ദിവസ ആഘോഷത്തില്‍ രമ്യ കൃഷ്ണന് വളരെ വൈകാരികമായി നടത്തിയ വാക്കുകള്‍ ഏവരുടെയും ഹൃദയത്തില്‍ തൊട്ടിരുന്നു.
രാഘവേന്ദ്രയാണ് തനിക്ക് ഒരു വിജയം തന്നതെന്നും മറ്റുള്ളവര്‍ തന്നെ നിര്ഭാഗ്യവതിയായിട്ടാണ് കണ്ടതെന്നും രമ്യ കൃഷ്ണന് പറഞ്ഞു. മാത്രമല്ല, ഇന്ന് തന്നെ വേണ്ട എന്ന് പറഞ്ഞവരെക്കൊണ്ട് അത് മാറ്റിപ്പറയിക്കുമെന്നും അന്ന് രാഘവേന്ദ്ര പറഞ്ഞിരുന്നു. അതുതന്നെ പിന്നീട് യഥാര്‍ഥത്തില്‍ സംഭവിക്കുകയായിരുന്നു എന്നും രാഘവേന്ദ്ര റാവും പറഞ്ഞു.