ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സിപിഎം പോലും സഹായിച്ചില്ലെന്ന് ഭാര്യ റെനീറ്റ. കോടിയേരി തികച്ചും നിസ്സഹായനായിരുന്നുവെന്നും റെനീറ്റ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ജയില്‍ മോചിതനായ ശേഷം ബിനീഷ് കോടിയേരി ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെ ആകാമായിരുന്നുവെന്നും ഭാര്യ റെനീറ്റ പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടതിനോടൊന്നും വഴങ്ങാത്തതുകൊണ്ട് ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു.
ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. ഇതില്‍ വാസ്തവമില്ലെന്നും റെനീറ്റ വ്യക്തമാക്കി.
റെനീറ്റയുടെ വാക്കുകള്‍ ഇങ്ങനെ…ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇടപെട്ടിരുന്നുവെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു.
ഇഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാന്‍ സാധിച്ചിട്ടില്ല. അതുഎന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല.’ റെനീറ്റ പറഞ്ഞു.
ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ പറഞ്ഞു.
അതേ സമയം ബിനീഷ് പുറത്തിറങ്ങിയതോടെ സിപിഎം സെക്രട്ടറി സ്ഥാനത്ത് കോടിയേരി ഉടന്‍ തന്നെ തിരിച്ചെത്തുമെന്നാണ് സൂചന.
അടുത്ത സംസ്ഥാന സമിതി യോഗത്തിലാകും ചുമതല ഏല്‍ക്കല്‍. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ അനുകൂലിക്കുന്നുണ്ട്. നിലവില്‍ ദേശാഭിമാനിയുടെ എഡിറ്ററാണ് കോടിയേരി.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയില്‍ മോചനം.
സഹോദരന്‍ ബിനോയ് കോടിയേരി, സുഹൃത്തുക്കള്‍ എന്നിവര്‍ ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സത്യം ജയിക്കുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത്. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നതുപോലെ പറയാന്‍ തയ്യാറാകാത്തതാണ് തന്നെ കേസില്‍ പെടുത്താന്‍ കാരണമെന്നും ബിനീഷ് ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ അതുപോലെ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.