സ്വന്തം ലേഖകൻ
തൃശൂർ: മഹാമാരിയുടെ കെട്ടകാലത്തു കലയുടെ കനൽ കെടാതെ കാക്കാൻ തൃശൂരിലെ രംഗചേതനയുടെ പ്രയാണം തുടരുന്നു. കലയെ സ്നേഹിക്കുന്നവരുടെ സാന്പത്തിക സഹകരണത്തോടെ വീടകം അരങ്ങാക്കി മാറ്റി രംഗചേതന കലയുടെ ഉപാസകർക്ക് ഉപഹാരവുമായി ഇന്നലെ 31-ാം വീട്ടിലെത്തി.
കോവിഡ് കാലത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്ന ജില്ലയിലെ നൂറു വ്യത്യസ്ത മേഖലകളിലുള്ള കലാപ്രവർത്തകരെ കണ്ടെത്തി അവരുടെ വീട്ടിലെത്തി അവർക്കു 10,000 രൂപ വീതം സന്തോഷത്തോടെ ഉപഹാരമായി നൽകി, ആ വീട്ടിൽ ഏതെങ്കിലും കലാപരിപാടി അവതരിപ്പിച്ച് കുറച്ചു മണിക്കൂറുകൾ ചെലവഴിക്കുന്ന രംഗചേതനയുടെ ഈ സംരംഭത്തിൽ ഇതുവരെ മൂന്നു ലക്ഷം രൂപ നൽകിക്കഴിഞ്ഞു.
“രംഗചേതന ലൈവ്’ എന്ന പരിപാടി സ്പോണ്സർ ചെയ്യാനും ഇപ്പോൾ അവസരം നൽകുന്നുണ്ട്. കലാപ്രവർത്തനത്തിൽ നിന്നു വരുമാനം കണ്ടെത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരുടെ വീടുകളിലെത്തി രംഗചേതന പ്രവർത്തകർ കലാപരിപാടികൾ അവരുടെ വീട്ടിൽനിന്നുതന്നെ ലൈവ് ആയി ജനങ്ങളിലേക്ക് എത്തിക്കുന്പോൾ ഈ പരിപാടി കാണുന്ന സുഹൃത്തുക്കൾ ഓരോ പരിപാടിക്കും പത്തു രൂപയെങ്കിലും ഞങ്ങൾക്കു സംഭാവനയായി നൽകുന്പോഴാണ് ഈ യാത്ര സഫലമാകുന്നതെന്ന് ഈ പ്രയാണത്തിനു നേതൃത്വം നൽകുന്ന, രംഗചേതനയുടെ ചുക്കാൻപിടിക്കുന്ന പ്രസിഡന്റ് ഇ.ടി. വർഗീസ് മാസ്റ്ററും കെ.വി. ഗണേഷും പറഞ്ഞു. അകലങ്ങളിലിരുന്നാണെങ്കിലും സഹായിക്കാൻ കഴിയുന്നവർക്കെല്ലാം ഈ കലായാത്രയിൽ പാവപ്പെട്ട കലാപ്രവർത്തകർക്കു താങ്ങും തണലുമാകാമെന്ന് ഇവർ പറഞ്ഞു.
ഒാഗസ്റ്റ് അഞ്ചിനാണ് ഈ യാത്ര തുടങ്ങിയത്. രംഗചേതനയുടെ ഈ സംരംഭത്തിൽ ആകൃഷ്ടനായ നടൻ ഹരീഷ് പേരടി രംഗചേതന പ്രവർത്തകരെ തന്റെ വീട്ടിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുകയും പതിനായിരം രൂപ രംഗചേതനയ്ക്കു നൽകുകയും ചെയ്തത് ഈ യാത്രയിലെ മറക്കാനാവാത്ത അനുഭവമാണിവർക്ക്.
കലാകാരന്മാരുടെ വീടകം തേടിയുള്ള യാത്രയ്ക്കിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ഉള്ളുപൊള്ളിക്കുന്നതാണെന്നു പ്രവർത്തകർ പറഞ്ഞു.
ഓരോ വീട്ടിലെത്തുന്പോഴും ആ പ്രദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലുമൊരു കലാകാരനോ കലാകാരിയോ അതിഥിയായി രംഗചേതനയ്ക്കൊപ്പമുണ്ടാകും. ഇന്നലെ വൈകീട്ട് പ്രശസ്ത നാടക കലാകാരി ടെസി പഴുവിലിന്റെ വീട്ടിലേക്കാണ് രംഗചേതന ലൈവുമായി എത്തിയത്.