അഗളി: കാലിക്കട്ട് സര്‍വകലാശാലയില്‍നിന്നും സമകാലീന ഹിന്ദി കവിതയില്‍ ഡോക്ടറേറ്റ് നേടി പട്ടികവര്‍ഗക്കാരനായ ഷോളയൂര്‍ രങ്കസ്വാമി അട്ടപ്പാടിയുടെ അഭിമാനമായി.
അട്ടപ്പാടി ഷോളയൂരില്‍ പരേതനായ വസന്തം വീട്ടില്‍ നഞ്ചപ്പന് – കണ്മണി ദമ്പതികളുടെ മകനാണ് രങ്കസ്വാമി. അട്ടപ്പാടി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹിന്ദി വിഭാഗം ഗസ്റ്റ് അധ്യാപകനായി ജോലി നോക്കിവരികയാണിപ്പോള്.
രങ്കസ്വാമിയുടെ ബാല്യകാലജീവിതം ദുരിതപൂര്‍ണമായിരുന്നു. കൊടുംപട്ടിണിമൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന രങ്കസ്വാമി ദുര്‍വിധികളോടു പടവെട്ടിയാണ് ഈ തിളക്കമേറിയ നേട്ടം സ്വന്തമാക്കിയത്.
അമ്മാവന്റെ സംരക്ഷണയില്‍ പറമ്പിലെ ചെറിയ ഷെഡില്‍ താമസമാക്കിയ രങ്കസ്വാമിക്ക് അമ്മാവന്റെ മകന് രാമന്‍കുട്ടിയാണ് പുനര്‍പഠനം ഏര്‍പ്പാടാക്കിയത് . ഇതിനിടെ അച്ഛനും മരണപ്പെട്ടു. തന്റെ തുടര്‍ന്നുള്ള എല്ലാ പഠനത്തിനും സഹായം നല്‍കിയത് രാമന്കുട്ടിയേട്ടനാണെന്നു രങ്കസ്വാമി അനുസ്മരിക്കുന്നു.
ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹൈസ്കൂളില്‍നിന്ന് എസ്എസ്എല്‍സി വിജയിച്ചശേഷം വയനാട് എംആര്‍എസ് സ്കൂളില്‍നിന്നു പ്ലസ്ടു പാസായി. തുടര്‍ന്ന് പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍നിന്നും ബിഎ ഹിന്ദി 2010, കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നും ഹിന്ദി എംഎ, പിജി ഡിപ്ലോമ ഇന്‍ ട്രാന്സ്ലേഷന് ഹിന്ദി, യുജിസി നെറ്റ്, എന്നിങ്ങനെ വിദ്യാഭ്യാസം കരസ്ഥമാക്കി.
കോയമ്പത്തൂര്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന കുപ്പുസ്വാമി – രാജാമണി ദമ്പതികളുടെ മകള്‍ ബോട്ടണി ബിഎഡ് ബിരുദധാരിയായ നവീതയാണ് ഭാര്യ. അങ്കണവടി വര്‍ക്കറായ കുമാരി, സരോജിനി എന്നിവര്‍ സഹോദരികളാണ്.