ലണ്ടൻ: ലെസ്റ്റർ സിറ്റി പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയതോടെ തന്റെ സ്വപ്നം പൊലിഞ്ഞുപോയെന്ന് ക്ലോഡിയോ റനിയേരി. പ്രീമിയർ ലീഗിൽ കഴിഞ്ഞവർഷം ലെസ്റ്ററിനെ ചാന്പ്യൻമാരാക്കാൻ റനിയേരിക്കു കഴിഞ്ഞെങ്കിലും ഈ വർഷം ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഇതേതുടർന്നാണ് പുറത്താക്കലെന്ന കടുത്തനീക്കത്തിലേക്ക് മാനേജ്മെന്റ് കടന്നത്. ഇതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷത്തെ അമിത സന്തോഷത്തിനും കിരീടധാരണത്തിനും ശേഷം ലെസ്റ്ററിനൊപ്പം തുടരുന്നതാണ് ഞാൻ സ്വപ്നം കണ്ടത്. നിർഭാഗ്യവശാൽ അത് പൊലിഞ്ഞിരിക്കുന്നു- റനിയേരി പറഞ്ഞു. പ്രീമിയർ ലീഗിൽനിന്നു പുറത്താക്കൽ ഭീഷണിയിലാണ് ലെസ്റ്റർ ഇപ്പോൾ. ഇത്തവണ മുന്നിലെത്താൻ 5000ൽ ഒരു സാധ്യതപോലും ആരും ലെസ്റ്ററിനു കല്പിക്കുന്നില്ല. ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ആദ്യപാദത്തിൽ സെവിയ്യയോട് പരാജയപ്പെട്ടതും റെനിയേരിയെ പുറത്താക്കാൻ കാരണമായി.
2015ലാണ് റെനിയേരി ലെസ്റ്ററിന്റെ മാനേജായി എത്തുന്നത്. 133 വർഷത്തെ ക്ലബ് ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടാനും ലെസ്റ്ററിനായി. 2017 സീസണിൽ 25 മത്സരങ്ങൾ കളിച്ച അവർക്കു വിജയിക്കാനായത് കേവലം അഞ്ചിൽ മാത്രമാണ്. എഫ്എ കപ്പിൽ മൂന്നാം നിര ക്ലബ്ബുമായി തോറ്റതു വലിയ നാണക്കേടുമുണ്ടാക്കി.