ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 വർഷമായി ഉയർത്തണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്ത് അയച്ചു.
കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ, വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ ഭരണഘടനയുടെ 128, 224 എ വകുപ്പ് പ്രകാരം വീണ്ടും നിയമിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. മൂന്നു കത്തുകളാണ് പ്രധാനമന്ത്രിക്ക് ചീഫ് ജസ്റ്റീസ് എഴുതിയത്.
സുപ്രീം കോടതിയിൽ 58,669 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ദിവസവും പുതിയ കേസുകൾ എത്തുന്നതോടെ എണ്ണം വർധിച്ചുവരികയാണെന്നും കത്തിൽ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ അപര്യാപ്തത കാരണം പ്രധാനപ്പെട്ട കേസുകളിൽ ആവശ്യമായ ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കാനാവുന്നില്ല.
1998 ൽ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 16 ൽനിന്ന് 26 ആയി ഉയർത്തിയിരുന്നു. പിന്നീട് 2009 ൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ജഡ്ജിമാരുടെ എണ്ണം 31 ആയും ഉയർത്തി. അതിനാൽ നിലവിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണം.
അതുവഴി കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കാൻ കഴിയും, കാരണം ജനങ്ങൾക്ക് സമയബന്ധിതമായ നീതി ലഭ്യമാക്കുകയെന്ന അന്തിമ ലക്ഷ്യം കൈവരിക്കുന്നതിന് ഇത് സഹായകരമാകുമെന്നും ചീഫ് ജസ്റ്റീസ് കത്തിൽ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചെങ്കിലും അതിന് ആനൂപാതികമായി സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചിരുന്നില്ല. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്താൻ നിയമഭേദഗതി പരിഗണിക്കണമെന്നും മറ്റൊരു കത്തിൽ ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.