കൊയിലാണ്ടി: നിർധന യുവാവിനോടും കുടുംബത്തോടുമുള്ള പഞ്ചായത്ത് അധികൃതരുടെ ക്രൂരവിനോദം ചർച്ചാ വിഷയമാകുന്നു. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അരിക്കുളം പറമ്പത്ത് വടക്കേപറമ്പിൽ രഞ്ജീഷിനേയും കുടുംബത്തേയുമാണ് വീട് വയ്ക്കാന്‍ പെര്‍മ്മിറ്റ് അനുവദിക്കാതെ അരിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ വട്ടം കറക്കുന്നതായി ആക്ഷേപമുയരുന്നത്.
മണ്‍കട്ട കൊണ്ടുണ്ടാക്കിയ കുടിലില്‍ ഭാര്യയ്ക്കും രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കുമൊപ്പം ദുരിത ജീവിതം താണ്ടുകയാണ് കൂലിപ്പണിക്കാരനായ രഞ്ജിഷ്. സ്വന്തമായി 10 സെന്റ് സ്ഥലമുള്ള രഞ്ജീഷും ഭാര്യ ബിന്‍സിയും ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചെങ്കിലും രഞ്ജീഷിന്റെ സ്ഥലത്ത് സമീപത്തെ അങ്കണവാടിയിലേക്ക് വെള്ളമെടുക്കുന്ന കിണര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി വീട് നിര്‍മാണത്തിനുള്ള പെര്‍മ്മിറ്റ് നിഷേധിക്കുകയായിരുന്നു.
രഞ്ജിഷിന്റെ പറമ്പിലെ കിണര്‍ അങ്കണവാടി ആവശ്യാർഥം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് ഗ്രാമപഞ്ചായത്ത അധികൃതര്‍ പറയുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഈ കിണറുണ്ട്. എന്നാല്‍ ആധാരപ്രകാരം രഞ്ജീഷിന്റെ സ്ഥലത്താണ് ഇപ്പോഴും കിണറുളളത്. കിണര്‍ അങ്കണവാടിക്ക് കൈമാറി രജിസ്റ്റര്‍ ചെയ്ത് തന്നാല്‍ മാത്രമേ വീടിന് പെര്‍മിറ്റ് നല്കുകയുളളുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ വാശിപിടിക്കുന്നത്.
കിണറുപയോഗിക്കാന് അങ്കണവാടിക്ക് തടസമില്ലെന്ന് കാണിച്ച് രഞ്ജിഷ് നേരത്തെ എഴുതി നല്‍കിയിരുന്നു.അങ്കണവാടി ആവശ്യത്തിന് യാതൊരു തടസ്സവുമില്ലാതെ കിണറില്‍ നിന്ന് വെള്ളം എടുത്തു വരുന്നുമുണ്ട്. എന്നാല്‍ കിണറിന്റെ ഉടമസ്ഥാവകാശം അങ്കണവാടിക്കാണെന്ന് രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിലുളള തര്‍ക്കം പരിഹരിക്കാത്തതാണ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള തടസമായി ഉന്നയിക്കുന്നത്.
പെര്‍മിറ്റിനായി രഞ്ജിഷ് കൂലിപ്പണി ഒഴിവാക്കി ഭാര്യയും കൈക്കുഞ്ഞുമായും നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും അധികൃതര്‍ കടുംപിടുത്തം തുടരുകയാണ്. ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് ഈ കുടുംബം താമസം തുടരുന്നത്. തൊട്ടടുത്ത് തന്നെ ഒരു മതില് ഇടിഞ്ഞു വീഴാന്‍ പാകത്തിലുണ്ട്.
മതില് ഇടിഞ്ഞാല്‍ ഇവരുടെ കൂരയിലേക്കായിരിക്കും പതിക്കുക. വീട് നിര്‍മാണത്തിന് പെര്‍മിറ്റ് നല്കാന് വിസമ്മതിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ തദ്ദേശസ്വയംഭരണ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും രഞ്ജിഷ് പരാതി നല്‍കിയിട്ടുണ്ട്.
എല്ലാവര്ക്കും വാസയോഗ്യമായ വീട് ലക്ഷ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതി ഗുണഭോക്താവായ പാവപ്പെട്ട ഒരു തൊഴിലാളിക്ക് ഈ ആനുകൂല്യം നിഷേധിക്കുമ്പോള്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. സിപിഎം പ്രവര്ത്തകന് കൂടിയാണ് രഞ്ജിഷ്.
രഞ്ജിഷിന് വീട് നിർമാണത്തിന് പെര്‍മിറ്റ് നല്കുന്ന കാര്യം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഉടന്‍ പരിഗണിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ഉണ്ണി പറഞ്ഞു. കിണറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം പരിഹരിച്ചാല്‍ പ്രശ്നം തീരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ 53 പേര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് പഞ്ചായത്ത് ധനസഹായം അനുവദിച്ചിട്ടുണ്ട്. 121 പേരാണ് ഗുണഭോക്തൃ പട്ടികയില്‍ ഉളളത്. ഇതില്‍ രഞ്ജിഷും ഉള്‍പ്പെടും.
്