തിരുവനന്തപുരം: ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികൾക്കുമേൽ ജലജ് സക്സേന ‘സക്സസ്’ ആയപ്പോൾ ആന്ധ്രയ്ക്കെതിരേയുള്ള രഞ്ജി ട്രോഫിയിൽ കേരളം വിജയത്തിനരികെ. ഒരു ദിനം ബാക്കി നിൽക്കെ ആന്ധ്ര രണ്ടാം ഇന്നിംഗ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 102 റണ്‍സ് എന്ന നിലയിൽ.
രണ്ടു വിക്കറ്റ് മാത്രം അവശേഷിക്കെ ആന്ധ്രയുടെ ലീഡ് 27 റണ്‍സ് മാത്രം. മധ്യപ്രദേശുകാരനായ ജലജ് സക്സേനയുടെ സെഞ്ചുറി മികവ് കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ ലീഡിനും, ബൗളിംഗ് മികവ് ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സ് തകർച്ചയ്ക്കും കാരണമായി. ഓൾ റൗണ്ടറായ ജലജ് 133 റണ്‍സ് സ്കോർ ചെയ്തതിനു പിന്നാലെ ബൗളിംഗിനിറങ്ങിയപ്പോൾ ഏഴു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ആന്ധ്ര 254 റണ്‍സ് സ്കോർ നേടി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 328 റണ്‍സിന് അവസാനിച്ചു. ഒരു വിക്കറ്റിന് 227 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സ്കോർ 241 റണ്‍സിൽ നിലയിൽ നിൽക്കുന്പോൾ ജലജ് സക്സേനയുടെ വിക്കറ്റ് നഷ്ടടമായി.
ജലജിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടിന് പിന്തുണ നല്കിയ റോഹൻ പ്രേമിന്റെ വിക്കറ്റ് കേരള സ്കോർ 266 ആയപ്പോൾ നഷ്ടമായി. സഞ്ജു സാംസണ് (പൂജ്യം), ബേസിൽ തന്പി (മൂന്ന്), കെ.സി. അക്ഷയ് (രണ്ട്) എന്നിവർക്ക് ഇരട്ടഅക്കം നേടാനായില്ല. 19 ഓവർ എറിഞ്ഞ ജലജ് 44 റണ്‍സ് നൽകിയാണ് ഏഴു വിക്കറ്റ് നേടിയത്.